പാവറട്ടി(തൃശൂർ): ഗർഭസ്ഥശിശുവിന്റെ ജീവനു സ്വജീവനേക്കാൾ വിലനല്കിയ ആ അമ്മക്കിളി ഇനിയില്ല. രണ്ടുവയസുകാരി ഫിലോമിന റോഷ്നി മുതൽ പ്ലസ് വണ് വിദ്യാർഥിയായ മൂത്ത മകൻ ജയിംസ് വരെയുള്ള എട്ടുമക്കളുടെ അമ്മത്തണൽ നഷ്ടമാക്കി സപ്ന ട്രേസി(43) യാത്രയായി.
ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി ജോജുവിന്റെ ഭാര്യയാണു ക്രിസ്മസ് നാളിൽ മരിച്ച സപ്ന ട്രേസി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ നഴ്സിംഗ് ഓഫീസറായിരുന്നു സപ്ന. ജോലിത്തിരക്കുകൾക്കിടയിലും സപ്ന ജീവിച്ചുതീർത്തത് ആരും വിസ്മയത്തോടെ നോക്കിനിന്നുപോകുന്ന അമ്മജീവിതമായിരുന്നു.
ജോലിത്തിരക്കുകൾ കാരണമായി പറഞ്ഞ് കുഞ്ഞുങ്ങളുടെ എണ്ണം ഒന്നും രണ്ടുമായി കുറയ്ക്കുന്ന അമ്മമാർക്കിടയിൽ സപ്ന ട്രേസി അദ്ഭുതമായി. എട്ടു കുഞ്ഞുങ്ങൾക്ക് അവർ ജന്മം നല്കി. അമ്മ ജോലിക്കുപോകുന്പോൾ മുതിർന്ന കുട്ടികൾ പിറകേവന്ന കുരുന്നുകൾക്കു താങ്ങും തണലുമായി നിന്നു.
രണ്ടുവർഷം മുന്പ് മകൾ ഫിലോമിന റോഷ്നിയെ ഗർഭം ധരിച്ച സമയത്താണ് സപ്ന രോഗബാധിതയാകുന്നത്. ഗർഭസ്ഥശിശുവിനെ ഇല്ലാതാക്കി ചികിത്സിച്ചാൽ രോഗം ഭേദമാക്കാൻ കഴിയുമെന്നു ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, തനിക്കെന്നപോലെ ഉദരത്തിലെ കുഞ്ഞിനും ജീവിക്കാനവകാശമുണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ സപ്ന ചികിത്സ നിഷേധിച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.
കുടുംബസമേതം ഡൽഹിയിൽ താമസിച്ചിരുന്ന സപ്നയും കുടുംബവും രോഗബാധിതയായശേഷം ഒന്നരവർഷം മുന്പാണ് ചിറ്റാട്ടുകരയിൽ തിരിച്ചെത്തിയത്. അസുഖം തളർത്തിയപ്പോഴും മക്കൾക്കൊപ്പം ഉൗർജസ്വലയായി നിന്ന സപ്ന ഒരു മാസം മുന്പാണ് രോഗശയ്യയിൽ പാടെ തളർന്നുവീണത്.
ക്രിസ്മസ് നാളിൽ രാവിലെ മരിച്ച സപ്നയുടെ മൃതദേഹം ഇന്നലെ വൈകുന്നേരം ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ സംസ്കരിച്ചു. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.
ജയിംസ് പ്രകാശ് (15), ട്രീസ റോഷ്നി (14), ജോസ് പ്രകാശ് (11), സെബാസ്റ്റ്യാൻ പ്രകാശ് (ഒന്പത്), ഫ്രാൻസിസ് പ്രകാശ് (എട്ട്), മരിയ റോഷ്നി (ആറ്), ആന്റണി പ്രകാശ് (നാല്), ഫിലോമിന റോഷ്നി (രണ്ട്) എന്നിവരാണ് സപ്നയുടെ മക്കൾ. വൈക്കം തലയോലപ്പറന്പ് സ്വദേശിയാണ് സപ്ന.ഫരീദാബാദ് രൂപതയുടെ, ഭ്രൂണഹത്യക്കെതിരെയുള്ള പ്രൊലൈഫ് അവാർഡ് സപ്നയ്ക്കു ലഭിച്ചിട്ടുണ്ട്.