അടിമാലി: സഹോദരിയെ ഭർത്താവു മർദിക്കുന്നതു തടയാനെത്തിയ സഹോദരൻ വീണുമരിച്ചു. ആദിവാസി കുടിയായ ചിന്നപ്പാറക്കുടിയിൽ രാജൻ (48) ആണ് മരിച്ചത്. ക്രിസ്മസ് തലേന്ന് രാത്രി ഒന്പതോടെ കുടിയിൽതന്നെയുള്ള സഹോദരി സിന്ധുവിന്റെ വീട്ടിൽ എത്തിയതായിരുന്നു രാജൻ.
സിന്ധുവും ഭർത്താവ് വീരപ്പൻ എന്നുവിളിക്കുന്ന രാജനും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ തടയാൻ ശ്രമിച്ച രാജനെ വീരപ്പൻ തള്ളിയിട്ടു. കട്ടിളപ്പടിയിൽ തലയിടിച്ചുവീണ രാജൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. എന്നാൽ രാജൻ ഹൃദ്രോഗിയായിരുന്നെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കളിൽ ചിലർ പോലീസിനു മൊഴിനൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഹൃദ്രോഗമാണ് മരണത്തിനു മുഖ്യകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതായി അടിമാലി സിഐ സാബു പറഞ്ഞു.
കട്ടിളപ്പടിയിൽ തലയിടിച്ചു വീണതും മരണകാരണമായി കണക്കാക്കി വീരപ്പൻ രാജനെതിരെ (44) പോലീസ് കേസെടുത്തു. ഇയാളെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. മരിച്ച രാജന്റെ സംസ്കാരം നടത്തി.