ആലപ്പുഴ: മുല്ലയ്ക്കൽ, കിടങ്ങാംപറന്പ് ചിറപ്പ് ഉത്സവങ്ങൾ സമാപിച്ചിട്ടും നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ലേലതർക്കത്തിന് അവസാനമായില്ല. ചിറപ്പിന് ആഴ്ചകൾക്ക് മുന്പ് ആരംഭിച്ച തർക്കം ഇപ്പോഴും തുടരുകയാണ്. ലേലവുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് സ്വീകരിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെതിരെ പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങുകയാണ് നഗരസഭ നേതൃത്വം. മന്ത്രിയെ നിലയ്ക്കുനിർത്തണമെന്ന ആവശ്യമാണ് നഗരസഭയ്ക്കുള്ളത്.
പതിറ്റാണ്ടുകളായി മികച്ച നിലയിൽ നടന്നുവരുന്ന ചിറപ്പ് മഹോത്സവത്തിന്റെ ശോഭ കെടുത്തുന്ന നടപടിയാണ് മന്ത്രിയിൽ നിന്നുണ്ടായതെന്നാണ് നഗരസഭ നേതൃത്വത്തിന്റെ ആക്ഷേപം. ലേല നടപടികളിൽ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടലുണ്ടായതോടെ ആകെ അലങ്കോലമായി.
വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച നഗരസഭയ്ക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും ഇത് ലംഘിക്കുന്ന തരത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ. നഗരസഭയ്ക്ക് ലഭിക്കേണ്ട നികുതിയില്ലാതാക്കിയത് മന്ത്രിയാണെന്നും നഗരസഭാ നേതൃത്വം ആരോപിക്കുന്നു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്.