ശബരിമല: ദേവസ്വം ബോർഡിന്റെ പമ്പയിലെയും സന്നിധാനത്തെയും അന്നദാന മണ്ഡപം വഴി 41 ദിവസത്തിനുള്ളിൽ അന്നമേകിയത് 14.19 ലക്ഷം പേർക്ക്. പമ്പയിലെ അന്നദാനമണ്ഡപത്തിൽ 5,08,149 പേരും സന്നിധാനത്ത് 9,11,238 പേരും ഭക്ഷണം കഴിച്ചു. സന്നിധാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാനമണ്ഡപത്തിൽ നാനൂറോളം പേരാണ് നാലു ഷിഫ്റ്റുകളിലായി സേവനത്തിനുള്ളത്.
രാവിലെ ആറു മുതൽ 10.30 വരെയാണ് പ്രഭാതഭക്ഷണ വിതരണം. ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയുമാണ് നൽകുക. 11 മുതൽ വൈകുന്നേരം നാലു വരെ ഊണ് നൽകും. ചോറിനൊപ്പം സാമ്പാർ, തോരൻ, അവിയൽ, അച്ചാർ, രസം എന്നിവയുണ്ട്. നാലുമണി മുതൽ ഏഴുവരെ മണ്ഡപം വൃത്തിയാക്കൽ പ്രവൃത്തികൾ നടക്കും. തുടർന്ന് ഏഴുമുതൽ അത്താഴം നൽകും.
കഞ്ഞിയും ചെറുപയറും അച്ചാറുമാണ് നൽകുക. ഇത് രാത്രി 11.15 വരെ നീളും. രാത്രി 12 മുതൽ പുലർച്ചെ 5.15 വരെ ഉപ്പുമാവും ഉള്ളിക്കറിയും ചുക്കുകാപ്പിയും ലഭിക്കും. സ്പെഷൽ ഓഫീസർ ജി. സുജാതൻ നായർ, അസിസ്റ്റന്റ് ഓഫീസർ സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്തെ പ്രവർത്തനം.
പമ്പയിൽ 75 പേരാണ് ജോലിയിലുള്ളത്. രാവിലെ ആറു മുതൽ 10.30 വരെ ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയുമാണ് നൽകുക. 11 മുതൽ വൈകിട്ട് നാലു വരെ ഊണ് നൽകും. ചോറിനൊപ്പം സാമ്പാർ, തോരൻ, അവിയൽ, അച്ചാർ, രസം എന്നിവയുണ്ട്. വൈകുന്നേരം അഞ്ചു മുതൽ രാത്രി 12 വരെ പൊങ്കൽ നൽകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദിലീപ് കുമാർ, സ്പെഷൽ ഓഫീസർ സൈനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പമ്പയിലെ പ്രവർത്തനം.