മുളങ്കുന്നത്തുകാവ്(തൃശൂർ): റിമാൻഡ് ചെയ്തുകൊണ്ടുള്ള കോടതിവിധി കേട്ട് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരനായ കോയന്പത്തൂർ ഗസൽപുരം കെഎം ഇല്ലം രാജ അവന്യൂ ഇന്ദിരാനഗറിൽ തിരുമലസ്വാമിയുടെ മകൻ വരദരാജനാ(68)ണ് മരിച്ചത്.
തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിലേക്ക് ആവശ്യമായ വിഗ്രഹങ്ങൾ നിർമിച്ച് സ്വർണം പൂശിനല്കിയിരുന്നതു ശിൽപിയും ആർട്ടിസ്റ്റുമായ വരദരാജന്റെ നേതൃത്വത്തിലുള്ള കോയന്പത്തൂരിലെ സംഘമായിരുന്നു. വിഗ്രഹത്തിൽ ഉരുക്കി പൂശാനുള്ള സ്വർണത്തിൽ കൃത്രിമം കാട്ടിയെന്നു കാണിച്ച് ക്ഷേത്രം ഭാരവാഹികൾ എറണാകുളം സെൻട്രൽ പോലിസിൽ നൽകിയ പരാതിയെതുടർന്ന് സിജെഎം കോടതി ഇയാളെ റിമാൻഡ് ചെയ്തു.
കോടതിവിധി കേട്ട ഇയാൾ കുഴഞ്ഞുവീണു. തുടർന്ന് അബോധാവസ്ഥയിലായ വരദരാജൻ തൃശൂർ ജില്ലാ പെയിൻ പാലീയിറ്റിവ് കെയർ സെന്ററിലും ജയിൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞുവരവേയാണ് മരണം സംഭവിച്ചത്.വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.