ആടിന്റെ മൂന്നാം ഭാഗവും എത്തുന്നു, ആദ്യ ഭാഗം എന്തുകൊണ്ട് പരാജയപ്പെട്ടെന്ന് ഞങ്ങള്‍ക്കറിയാം, അതുകൊണ്ട് തന്നെ രണ്ടാംഭാഗം ക്ലിക്കായി, നിര്‍മാതാവ് വിജയ് ബാബുവിന് പറയാനുള്ളത്

ആദ്യ ഭാഗം തിയറ്ററില്‍ എട്ടുനിലയില്‍ പരാജയപ്പെട്ട ചരിത്രമാണ് ആട്് ഒരു ഭീകരജീവിയാണ്. എന്നാല്‍ തിയറ്ററില്‍ നിന്ന് ടിവിയിലേക്ക് സിനിമ എത്തിയതോടെ ഷാജിപാപ്പനും കൂട്ടരും ഹിറ്റാകുകയും ചെയ്തു. ഇപ്പോള്‍ രണ്ടാംഭാഗം തിയറ്ററുകളില്‍ തരംഗമായി മുന്നേറുകയാണ്. സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്ന ആട് 2വിന് മൂന്നാംഭാഗം വരുമോ? നിര്‍മാതാവ് വിജയ് ബാബു പറയുന്നത് ഇതൊക്കെ-

ആട് ആദ്യ ഭാഗം പരാജയപ്പെട്ടപ്പോള്‍ മറ്റുള്ള സിനിമക്കാരെ പോലെ തന്നെ വലിയ വിഷമമുണ്ടാക്കി. പക്ഷെ, ആ സിനിമ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഒന്നാം ഭാഗത്തിന്റെ എല്ലാ ന്യൂനതകളും തിരിച്ചറിഞ്ഞാണ് രണ്ടാം ഭാഗം നിര്‍മിച്ചിരിക്കുന്നത്. ആട് ആദ്യ ഭാഗത്തിലെ നായകന്‍ ഉള്‍പ്പെടെ എല്ലാവരും മണ്ടന്മാരാണ്. നടുവേദനക്കാരനായ നായകന്‍, പ്രത്യേകിച്ച് കഴിവുകളൊന്നുമില്ല. നായകന്‍ മാത്രമല്ല, അയാളുടെ ഗ്യാങിലുള്ള എല്ലാവരും മണ്ടന്മാരാണ്. അവരിലൂടെ ഇന്നസെന്റ് കോമഡിയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. യാതൊരു അശ്ലീല കോമഡിയും ഈ ചിത്രത്തിലില്ല. പച്ചയായ ഗ്രാമീണ മനുഷ്യര്‍, കുട്ടികള്‍ക്ക് ഇവരുമായി ഭയങ്കര കണക്ടുണ്ടാക്കാന്‍ സാധിച്ചു. ആട് ഒരു പരീക്ഷണമായിരുന്നു.

ആടിലെ കഥാപാത്രങ്ങളും കഥ പറഞ്ഞ രീതിയുമൊക്കെ പരീക്ഷണങ്ങളായിരുന്നു. ഈ പരീക്ഷണങ്ങള്‍ക്കൊപ്പം കൂടുതല്‍ പരീക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോല്‍ അത് എല്ലാം കൂടി അക്സപ്റ്റ് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചില്ല എന്നാണ് മനസ്സിലായത്. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ഞങ്ങള്‍ ഇത് റീഎഡിറ്റ് ചെയ്ത്, റീസെന്‍സര്‍ ചെയ്തിരുന്നു. പക്ഷെ, അപ്പോഴേക്കും അഞ്ച് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. സിനിമ തിയേറ്ററുകളില്‍നിന്ന് പിന്‍വാങ്ങി തുടങ്ങുകയും ചെയ്തു.

ഇങ്ങനെ റീഎഡിറ്റ് ചെയ്ത സിനിമയാണ് ടിവിയിലും മറ്റും എത്തിയത്. അതാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ആട് 3 ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിജയ് ബാബു നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു.’ക്യാരക്ടറുകളും സിനിമയും അതില്‍ അഭിനയിച്ചവരുടെ പ്രൊഫൈലുകളും വീണ്ടും വലുതായിരിക്കുകയാണ്. അതുകൊണ്ട് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണിത്. ഞങ്ങള്‍ ശ്രമിക്കും.

Related posts