വടകര: വീരഞ്ചേരി സിഎം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരസ്യമായി കൊമ്പുകോര്‍ത്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റവും അടിയും ആശുപത്രിയില്‍ ഇന്നലെ രാത്രി സംഘര്‍ഷാവസ്ഥക്കു കാരണമായി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
രണ്ട് എംഡി ഡോക്ടര്‍മാര്‍ തമ്മില്‍ ഏറെ കാലമായി നിലനില്‍ക്കുന്ന പിണക്കമാണ് പ്രശ്നങ്ങള്‍ക്കു പിന്നിലെന്നു പറയുന്നു. ഇവരില്‍ ഒരു ഡോക്ടര്‍ ഇന്നലെ മദ്യപിച്ച് ഐസിയുവിലെത്തിയ കാര്യം രോഗികളുടെ കൂട്ടിരിപ്പുകാരോട് രണ്ടാമത്തെ ഡോക്ടര്‍ പറഞ്ഞത് സ്ഥിതി വഷളാക്കി. ഇരു ഡോക്ടര്‍മാരും ഐസിയുവിലും പുറത്തുമായി വാക്കേറ്റവും തമ്മിലടിയുമായി. ഇതു കണ്ടു രോഗികള്‍ക്കൊപ്പമുള്ളവര്‍ മദ്യപിച്ച ഡോക്ടര്‍ക്കെതിരെ തിരിഞ്ഞു.
അന്തരീക്ഷം വഷളാവുമെന്നു കണ്ട് ഡോക്ടര്‍ കാറില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍ പുറത്ത് വെച്ച് ഒരു കൂട്ടമാളുകള്‍ വാഹനം തടയുകയും ഡോക്ടറോട് തട്ടിക്കയറുകയും ചെയ്തു. ഇതിനിടയില്‍ ചിലര്‍ ഡോക്ടര്‍ക്കു നേരെ കൈയോങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഡോക്ടറെ തടഞ്ഞവരും നാട്ടുകാരും തമ്മിലായി വാക്കേറ്റം. കശപിശക്കിടയില്‍ ഡോക്ടറെ നാട്ടുകാര്‍ സുരക്ഷിതമായി മാറ്റി.
ഇതിനിടയില്‍ ആശുപത്രി പരിസരം ആളുകളെ കൊണ്ടുനിറഞ്ഞു. സ്ഥലത്തെത്തിയ ഡിവൈഎസ്പി ടി.പി.പ്രേംരാജും സംഘവും രംഗം ശാന്തമാക്കി. സ്ഥിതി വഷളാവാതിരിക്കാന്‍ ഇവിടെ ഏറെ നേരം പോലീസ് കാവലേര്‍പെടുത്തി. മദ്യപിച്ചെന്ന ആരോപണം നേരിടുന്ന ഡോക്ടറുടെ ചികിത്സയെ പറ്റി നാട്ടുകാര്‍ക്ക് മികച്ച അഭിപ്രായമാണുള്ളത്.
അവധിയെടുത്ത് നാട്ടില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കെ രോഗിയുടെ ബന്ധു വിളിച്ചാണ് ഇദ്ദേഹം ഐസിയുവിലെത്തിയതെന്നു പറയുന്നു. ഇദ്ദേഹത്തോടുള്ള വിദ്വേഷം രണ്ടാമത്തെ ഡോക്ടര്‍ സമര്‍ഥമായി ഉപയോഗിക്കുകയായിരുന്നു. മദ്യപിച്ച വിഷയം വിളിച്ചുപറഞ്ഞ് രോഗിയുടെ കൂട്ടിരിപ്പുകാരെ ഡോക്ടര്‍ക്കെതിരെ തിരിക്കുകയാണ് ചെയ്തത്.