ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ സഹോദരിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ലക്ഷ്മി (18) നിഷ (13) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണം ദുരഭിമാനക്കൊലയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മരിച്ച പെൺകുട്ടികളിൽ ഒരാൾ ഇവരുടെ ബന്ധുവായ രവി എന്നയാളുമായി പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
ഒരു മാസം മുന്‍പ് ഇരുവരും മുംബൈയ്ക്ക് ഒളിച്ചോടിയെങ്കിലും ലക്ഷ്മിയുടെ പിതാവ് ഇവരെ കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. കുട്ടികളുടെ ജീവനൊടുക്കലുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന് പിരശോധിക്കുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് കുട്ടികളുടെ അമ്മയുടെ വിശദീകരണം ഇങ്ങനെയാണ്: തിങ്കളാഴ്ച രാത്രി 11.30ഒാടെ എല്ലാവരും ഉറങ്ങാൻ പോയി. പുലർച്ചെ നാലുമണിയോടെ ഉണർന്നപ്പോൾ കുട്ടികളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപം മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ പെണ്‍കുട്ടികളുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ ഒന്നും കണ്ടെത്താനായില്ല. സംഭവം ആത്മഹത്യയാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കൊലപാതകം അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്നും നോയിഡ എസ്.പി അരുണ്‍ കുമാർ സിംഗ് പറഞ്ഞു.
കുട്ടികൾ ജീവനൊടുക്കിയ മരത്തിന് രണ്ടു പേരുടെ ഭാരം താങ്ങാനുള്ള ശേഷിയില്ലെന്നാ് ബൊട്ടാനിക്കൽ ഗാർഡൻ മുൻഡയറക്ടർ ശിവ കുമാർ പറഞ്ഞു. കുട്ടികളുടെ മരണത്തിന് പിന്നിൽ രവിയുടെ കുടുംബമാണെന്ന് ലക്ഷ്മിയുടെ അമ്മ ആരോപിച്ചു.പിതാവിന്റെ മൊഴിയിൽ സംശയമുണ്ടെന്നും ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ ചുരുളഴിക്കാനാവുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.