ആലപ്പുഴ: രണ്ട് വർഷത്തിലധികമായി മിനി ലോറി പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ. ജില്ലാ പോലീസ് മേധാവിയുടെ ഒൗദ്യോഗിക വസതിക്കു സമീപമാണ് മിനി ലോറി രണ്ടു വർഷത്തിലധികമായി റോഡരുകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. ആരാണ് വാഹനം ഇവിടെ പാർക്ക് ചെയ്തതെന്ന് ആർക്കും അറിയില്ല.
കേസുമായി ബന്ധപ്പെട്ട് അധികൃതർ കസ്റ്റഡിയിലെടുത്തതാകാമെന്ന സംശയത്തെത്തുടർന്ന് പ്രദേശത്തെ ആരാധനാലയ അധികൃതർ സൗത്ത് പോലീസുമായും മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും വാഹനവുമായി ബന്ധപ്പെട്ട് കേസുകളൊന്നുമില്ലെന്ന വിവരമാണ് ലഭിച്ചത്.
നിലവിൽ വാഹനത്തിന് സമീപം കുറ്റിക്കാട് പിടിച്ച നിലയിലാണ്. വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടിട്ട് നാളുകളേറെയായെങ്കിലും പുലിവാലായെങ്കിലോയെന്ന ആശങ്കയിലാണ് നാട്ടുകാർ വിവരം അധികൃതരെ അറിയിക്കാത്തത്.