അമ്പലമുക്കിലെ ഇരുനില വീടിന്റെ പരിസരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകന് അക്ഷയിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും. ദിവസങ്ങള്‍ക്കു മുമ്പാണ് മണ്ണടി ലെയിന്‍ ഹൗസ് നമ്പര്‍ 11ല്‍ പ്രവാസി മലയാളി അശോകിന്റെ ഭാര്യ ദീപ അശോകി (50) നെ വീടിനു സമീപം ഒഴിഞ്ഞ ഭാഗത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സാക്ഷിമൊഴികളൊന്നും കാര്യമായി ലഭിക്കാത്ത കേസില്‍ സാഹചര്യ തെളിവുകളുമായാണ് പോലീസ് മുന്നോട്ടു പോയത്.
അതേസമയം, അക്ഷയിന് ബ്ലാക് മാസ് ശക്തികളുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. കോളജില്‍ ചാത്തന്‍സ് എന്ന ഗ്രൂപ്പിന്റെ നേതാവും ഇയാളായിരുന്നു. കോളജില്‍ ഇവര്‍ക്ക് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന സംഘത്തില്‍ ചിലര്‍ ബ്ലാക്മാസ് സംഘവുമായി അടുത്ത ബന്ധമുള്ളവരാണെന്ന സൂചന പുറത്തുവരുന്നുണ്ട്. സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിന്റെ ലക്ഷ്യം പെട്ടെന്നുള്ള ദേഷ്യത്തില്‍ നടന്നതെല്ലന്നാണ് ലഭ്യമാകുന്ന വിവരം.
ദീപയുടെ ഭര്‍ത്താവും മകളും മരുമകനും വിദേശത്താണ്. ബിടെക് പഠനം കഴിഞ്ഞ മകന് അക്ഷയും ദീപയും മാത്രമാണ് കുറച്ചുനാളായി വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തിനുശേഷം അക്ഷയ് പോലീസ് കസ്റ്റഡിയിലായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് നടപടികളുണ്ടാവുക. ഇതിനിടെ 22കാരനായ മകന് തന്റെ അമ്മയെ ഒറ്റയ്ക്ക് കൊലപ്പെടുത്തി കൊണ്ടുപോയി കത്തിച്ചുവെന്നും സംഭവം പരിസരവാസികളാരും അറിഞ്ഞില്ലെന്നും പറയുന്നത് പോലീസ് അതിശയോക്തിയോടെയാണ് കേട്ടത്. സാഹചര്യത്തെളിവുകളെല്ലാം മകന് എതിരായിരുന്നതും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമാണ് കൊലപാതകി അക്ഷയ് ആണ് എന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്.
സാക്ഷിമൊഴികള്‍ ഇല്ലാത്തത് പോലീസിനെ ഏറെ വലച്ചിരുന്നു. മൃതദേഹം പൂര്‍ണ്ണമായി കത്തിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെങ്കിലും അത് ഫലം കണ്ടില്ല. ഇതാണ് സാഹചര്യത്തെളിവുകള്‍ ശേഷിക്കാന്‍ കാരണമായത്. ഡിഎന്‍എ പരിശോധനയുടെ ഫലം കൂടി ലഭിക്കുകയും മരിച്ചത് ദീപതന്നെയെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടത് പോലീസിന് അനിവാര്യമാണ്. എങ്കില്‍ മാത്രമേ കേസ് പരിപൂര്‍ണ്ണമായി വിജയം വരിച്ചുവെന്നു പറയാന്‍ സാധിക്കുകയുള്ളൂ.
അമ്മ തനിക്ക് പണം നല്‍കാത്തതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലും മൃതദേഹം കത്തിക്കലിലും കലാശിച്ചതെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ അക്ഷയ് സമ്മതിച്ചത്. ശക്തമായ സാഹചര്യത്തെളിവുകളുടെ പിന്‍ബലത്തിലാകും ഇന്ന് അക്ഷയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുക. അമ്പലമുക്ക് മണ്ണടി ലെയിന്‍ ഹൗസ് നന്പര് 11 ദ്വാരകയില്‍ ദീപ അശോക് (50) ആണ് കഴിഞ്ഞദിവസം ദാരുണമായി മരണപ്പെട്ടത്.
ക്രിസ്മസ് ദിനമായ 25ന് ദീപയും മകന് അക്ഷയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താന്‍ സിനിമ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയിരുന്നുവെന്നും തിരികെ വന്നപ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്നും എവിടെപ്പോയി എന്നു തിരക്കിയിരുന്നുവെന്നുമാണ് ചോദ്യം ചെയ്യലില്‍ ആദ്യം അക്ഷയ് പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലില്‍ അമ്മയെ കൊന്നത് എങ്ങനെയെന്നതിനെക്കുറിച്ച് അക്ഷയ് പോലീസിനോടു പറയുന്നത് ഇങ്ങനെയാണ്: സംഭവദിവസം കുറച്ച് പണം ആവശ്യമായതിനാല്‍ അമ്മയോടു ചോദിച്ചു. അമ്മ പണം നല്‍കാത്തിന്റെ വിരോധത്തില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് അമ്മയെ പിടിച്ചുതള്ളി.
പെട്ടെന്നുള്ള ആക്രമണത്തില്‍ ഇവര്‍ തലയിടിച്ച് തറയില്‍ വീണു ബോധരഹിതയായി. പിന്നീട് ഇവരെ കഴുത്തുഞെരിച്ച് കൊന്നശേഷം ഒറ്റയ്ക്ക് അടുക്കളവാതിലിലൂടെ ഇഴച്ചു കൊണ്ടുപോയി കുളിമുറിക്കു സമീപം ഇട്ടു. മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. തുടക്കത്തില്‍ അമ്മയോടുള്ള വാശിയും ഇവര്‍ മരണപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ തെളിവു നശിപ്പിക്കലുമായിരിക്കാം അക്ഷയ്യുടെ ലക്ഷ്യമെന്നു പോലീസ് കരുതുന്നു.