കൊച്ചി: നടി പാർവതിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന നൽകി പോലീസ്. നടിയുടെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പരാതിക്കൊപ്പം നടി നൽകിയ 23 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ പോസ്റ്റുകൾ സംബന്ധിച്ചുള്ള അന്വേഷണം ഉൗർജിതമാക്കിയതായും അധികൃതർ പറഞ്ഞു. തനിക്കെതിരേ വ്യാപകമായ സൈബർ ആക്രമണം നടന്നതായി കാണിച്ച് നടി പാർവതി നൽകിയ പരാതിയിൽ ഒരു യുവാവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂർ തലപ്പള്ളി വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി വീട്ടിൽ സി.എൽ. പ്രിന്റോ (23) ആണ് അറസ്റ്റിലായത്. തനിക്കെതിരേ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പ്രചാരണം നടത്തിയവരുടെ പോസ്റ്റുകൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ടുകൾ നടി പരാതിക്കൊപ്പം നൽകിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച സൈബർ സെൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ അറസ്റ്റ്.
ഏഴോളം പോസ്റ്റുകൾ യുവാവ് സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണു പോലീസ് കണ്ടെത്തിയത്. ഇതേത്തുടർന്നു പ്രതിയെ താമസസ്ഥലത്തുനിന്നു സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്തതിൽ താൻ പ്രമുഖ നടന്റെ ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയെ വിമർശിച്ചതിനാലാണു നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
നിഥിൻ രണ്‍ജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാർവതി ഐഎഫ്എഫ്കെയുടെ ഓപ്പണ്‍ ഫോറത്തിൽ വിമർശിച്ചിരുന്നു. ഇതിനെതിരേ ഒരു വിഭാഗം ആളുകൾ സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപക വിമർശനമുയർത്തി രംഗത്തു വന്നതിനു പിന്നാലെ നിരവധി ട്രോളുകൾ പ്രചരിക്കുകയും ചെയ്തിരുന്നു.
സൈബർ ആക്രമണം വ്യാപകമായതോടെ നടി കൊച്ചി റേഞ്ച് ഐജി പി. വിജയനു പരാതി നൽകുകയായിരുന്നു. കഴിഞ്ഞ 24നാണു നടി പരാതി നൽകിയത്. ഐജിയുടെ നിർദേശപ്രകാരം എറണാകുളം സൗത്ത് സിഐ സിബി ടോമാണു അന്വേഷണം നടത്തുന്നത്.