കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന മോഷണ കേസിൽ പ്രതികൾ ഉടൻ വലയിലാകുമെന്നു സൂചന. പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ച അന്വേഷണ സംഘം പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം വ്യാപകമാക്കി. മോഷണം നടന്ന ദിവസങ്ങളിലും അതിനുമുന്പും നടന്ന ഫോണ് കോൾ പരിശോധനകളുടെ അടിസ്ഥാനത്തിലാണു പോലീസിനു പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചത്.
ലക്ഷകണക്കിനു ഫോണ് കോളുകൾ പരിശോധിച്ചതിൽനിന്നും പ്രതികളുടേതെന്നു സംശയിക്കുന്ന ചിലരുടെ ഫോണ് വിളികൾ അധികൃതർ തിരിച്ചറിഞ്ഞതായാണു വിവരം. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധന ഫലം കണ്ടെന്നും പ്രതികളെ സംബന്ധിച്ച വിവരം ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.
മോഷണം നടന്ന വീടുകളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും ഫിംഗർ പ്രിന്റുകളുടെയും ഫോണ് കോൾ പരിശോധനകളുടെയും പശ്ചാത്തലത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയിൽ തങ്ങുന്ന അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.
ഏതാനും ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാൻ കഴിയുമെന്നും അന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നുമാണു പോലീസ് വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ 15നും 16നുമാണു ജില്ലയെ നടുക്കിയ മോഷണപരന്പര അരങ്ങേറിയത്. കവർച്ചകൾക്കു പിന്നിൽ കുപ്രസിദ്ധ കവർച്ചാ സംഘങ്ങളായ മഹാരാഷ്ട്രയിലെ ചൗഹാൻ സംഘമാണെന്നു പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
മോഷണം നടന്ന രീതിയും ആക്രമികൾ ഹിന്ദി സംസാരിക്കുന്നവരാണെന്ന വീട്ടുകാരുടെ മൊഴിയും മോഷണ രീതിയുമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്. ട്രെയിനിൽ സഞ്ചരിച്ചു റെയിൽവേ പാളത്തിനു സമീപമുള്ള വലിയവീടുകളിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.