ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷത്തിലൂടെ പ്രശസ്തയായ നടിയാണ് ലക്ഷ്മി രാമകൃഷ്ണന്. തമിഴില്‍ അവര്‍ സൊല്‍വതെല്ലാം ഉണ്മൈ എന്ന ഹിറ്റ് പരിപാടിയുടെ അവതാരകയാണ്. എന്നാല്‍ ഇപ്പോള്‍ ഒരു പണി കിട്ടിയിരിക്കുകയാണ് ലക്ഷ്മി. അരുവി എന്ന പുതിയ തമിഴ് ചിത്രമാണ് ലക്ഷ്മി പണികൊടുത്തത്. അതോടെ സംവിധായകന് അരുണ്‍ പ്രഭുവിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍. സൊല്‍വതെല്ലാം സത്യം എന്ന പേരില്‍ ചാനല്പരിപാടിയെ വേണ്ടുവോളം സിനിമയില്‍ പരിഹസിച്ചിട്ടുണ്ട്. അത് തന്നെ അപമാനിച്ചതാണെന്നാണ് ലക്ഷ്മി പറയുന്നത്.
എന്നെ ഈ ചിത്രത്തില്‍ പരിഹസിക്കുന്നുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ചിലര്‍ വിളിച്ച് അറിയിച്ചിരുന്നു. നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയല്ലേ എന്ന് കരുതി വിട്ടു. നിങ്ങളെ മോശമാക്കി കാണിക്കാനല്ലെന്ന് സംവിധായകനും പറഞ്ഞു. സൊല്‍വതെല്ലാം ഉണ്മൈ വളരെ പ്രചാരമുള്ള പരിപാടിയാണ്. ഒരു സിനിമയിലൂടെ അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്നൊക്കെ പറഞ്ഞ് എന്നെ ബോധ്യപ്പെടുത്തി. ഞാനും അംഗീകരിച്ചു. പക്ഷേ സിനിമ പുറത്തിറങ്ങിയതോടെ ട്വിറ്ററില്‍ പ്രേക്ഷകര്‍ എന്നോട് മോശമായി പ്രതികരിക്കാന്‍ തുടങ്ങി.
നിന്റെ കള്ളത്തരങ്ങള്‍ പുറത്തായി, പോയി ചാവടി എന്നൊക്കെ ആളുകള്‍ തെറിവിളിക്കാന്‍ തുടങ്ങി. ഇതൊന്നും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ വീട്ടുകാരടക്കം ഈ വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പറഞ്ഞത്. പക്ഷേ എത്രത്തോളം കേട്ട് നില്ക്കാനാവും. ക്ഷമ നശിച്ചപ്പോള്‍ ഞാന്‍ സംവിധായകനെതിരെ തുറന്നടിക്കാന്‍ തുടങ്ങി. വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഞാന്‍ ആ പ്രോഗ്രാം ചെയ്യുന്നത്. ഒരു ദിവസം 6 മണിക്കൂറോളം ജോലി ചെയ്യാറുണ്ട്. ഒരു മണിക്കൂര്‍ ഷോയ്ക്ക് ഇത്രയും നേരം ഇരിക്കുന്നതിന് സംവിധായകനും മറ്റുള്ളവരും എന്നെ ചീത്ത പറയാറുണ്ട്. പക്ഷേ ഒരു പ്രശ്നത്തിന് പരിഹാരം കിട്ടാതെ എങ്ങനെയാണ് അവസാനിപ്പിക്കുന്നതെന്നും ലക്ഷ്മി ചോദിക്കുന്നു.