ഷിമാരാജ്
കോഴിക്കോട്: ചിലങ്ക കെട്ടി സര്‍വ്വാഭരണവിഭൂഷിതരായി അമ്മമാര്‍ സ്റ്റേജില്‍ നിറഞ്ഞാടിയപ്പോള്‍ മക്കള്‍ക്ക് അതൊരു കൗതുകക്കാഴ്ചയായി. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് വിദ്യഭ്യാസം നേടാനും പൂര്‍ത്തിയാക്കാനും സാധിക്കാതിരുന്ന ആയിരത്തോളം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നഷ്ടപ്പെട്ട സുവര്‍ണ കാലത്തിലേക്കുള്ള തിരിച്ചുപോക്കായി മാറുകയായിരുന്നു സംസ്ഥാന തുടര്‍വിദ്യഭ്യാസ കലോത്സവം. തുടര്വിദ്യഭ്യാസത്തില് പുരുഷ സാന്നിധ്യം ഉണ്ടെങ്കിലും കലോത്സവേദി സമ്പന്നമായത് സ്ത്രീ സാന്നിധ്യത്താലാണ്.
പ്രായത്തെ തോല്‍പ്പിച്ച് വേദികളില്‍ തിരുവാതിരക്കളിയും ഭരതനാട്യവുമായി തുടര്‍വിദ്യഭ്യാസ പഠിതാക്കള്‍ കാണികളുടെ കൈയടി നേടിയെടുത്തു. മറ്റേത് കലോത്സവം പോലെ തുടര്‍വിദ്യഭ്യാസ കലോത്സവവും കോഴിക്കോടുകാര്‍ നെഞ്ചിലേറ്റിയതിന് തെളിവായിരുന്നു വേദികളിലെ തിങ്ങിനിറഞ്ഞ പുരുഷാരം. പ്രായത്തിന്റെ അവശത മറന്ന് ഒരു കൂട്ടം അമ്മമാര്‍ അവതരിപ്പിച്ച തിരുവാതിരക്കളി ഏറെ പ്രശംസ പിടിച്ചുപറ്റി. ചെറുപ്പക്കാരെ പോലും അത്ഭുതപ്പെടുത്തുന്ന മെയ്ഴക്കവും നാട്യഭാവവുമാണ് വേദികളില്‍ അമ്മമാര്‍ കാഴ്ചവച്ചത്.
കേരള സാക്ഷരതാ മിഷന് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എട്ടാമത് തുടര്‍വിദ്യഭ്യാസ കലോത്സവത്തിനാണ് ഇന്നലെ ജില്ലയില്‍ തിരി തെളിഞ്ഞത്. സാക്ഷരത, നാലാംതരം-ഏഴാംതരം തുല്യത, പത്താം തരം-ഹയര്‍സെക്കന്‍ഡറി തുല്യതാപഠിതാക്കള്‍, പ്രേരക്മാര്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളിലായി 73 ഇനങ്ങളിലുള്ള മല്‍സരങ്ങളാണ് അഞ്ച് വേദികളിലായി സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ , ഇതരസംസ്ഥാന തൊഴിലാളികള്‍ , ആദിവാസി വിഭാഗം എന്നിവര്‍ തുടര്‍വിദ്യഭ്യാസ കലോല്‍സവത്തിന്റെ ഭാഗമായി മാറുന്നത്.
ആദ്യദിനമായ ഇന്നലെ തിരുവാതിര, ഭരതനാട്യം, കഥാപ്രസംഗം കഥ പറയല്‍ , വായന, ചിത്രരചന, കൈയ്യെഴുത്ത്, ജലഛായം എന്നീ മത്സര ഇനങ്ങളാണ് നടന്നത്. വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഇടമുണ്ടകോളനിയിലെ ആദിവാസി വിഭാഗം സാക്ഷരതാ പഠിതാക്കള്‍ അവതരിപ്പിച്ച തിരുവാതിരകളിയാണ് ഇന്നലെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഇനം. തുടര്‍വിദ്യഭ്യാസ കലോത്വത്തില് ആദിവാസിപഠിതാക്കള് ആദ്യമായി പങ്കെടുക്കുന്നു എന്ന കൗതുകത്തിനപ്പുറത്തേക്ക് വേഗതയാര്‍ന്ന വാമൊഴികള്‍ക്ക് ആവേശകരമായ ചുവടുകള്‍ വെക്കുന്ന പണിയസമുദായക്കാര്‍ തിരുവാതിരപ്പാട്ടിന്റെ താളലയം ആസ്വദിച്ച നൃത്തം ചെയ്തത് കാണികള്‍ക്ക് നവ്യാനുഭവമായി.
ഇടിമുണ്ട കോളനി നിവാസി ലിഖിത ബാബുവിന്റെ നേതൃത്വത്തിലാണ് പത്ത് സാക്ഷരതാ പഠിതാക്കള്‍ ചേര്‍ന്ന് തിരുവാതിര കളിച്ചത്. തങ്ങളുടെ തനതായ ചുവടുകള്‍ നൃത്തത്തില്‍ ഉള്‍ക്കൊളളിക്കുന്നതിനായി പരിശീലകനെ പോലും ഉപയോഗിക്കാതെയാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്.ഇന്ന് പ്രധാന വേദിയായ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉച്ചയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉണ്ടായിരിക്കും.
ു