പയ്യന്നൂര്‍: രാമന്തളി താവുരിയാട് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ ഇലഞ്ഞി മരത്തിന് ബലൂണ്‍ കച്ചവടക്കാരൻ കൃഷ്ണനുമായുള്ള ബന്ധം ജനമറിഞ്ഞത് ഇന്നലെയാണ്. ഈ ഇലഞ്ഞി മരത്തണലിലെ ഉത്സവ കച്ചവടം ഏഴര പതിറ്റാണ്ട് പിന്നിട്ടതോടെ ക്ഷേത്ര കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചതോടെയാണ് പലരും ഈ യാഥാർഥ്യം അറിയുന്നത്.
പഴയങ്ങാടി മണ്ടൂരില്‍ ജനിച്ച കൃഷ്ണന് പട്ടാളക്കാരുമായുള്ള ബന്ധത്തിലാണ് നന്നേ ചെറുപ്പത്തില്‍ ഹൗറയിലെത്തിയത്. ഇതിനിടെ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ ഭീതിയില്‍ പാലായനം ചെയ്ത കൃഷ്ണന് മുംബെയിലാണെത്തിയത്.അവിടെനിന്നും അതുവരെയുള്ള സമ്പാദ്യം കൊണ്ടു വാങ്ങിയ കളിപ്പാട്ടങ്ങളുമായി തുടങ്ങിയ ഉത്സവകച്ചവടമാണ് എഴുപത്തഞ്ച് വര്‍ഷം പിന്നിടുന്നത്.
ഇതിനിടയില്‍ പയ്യന്നൂര്‍ സുമംഗലി ടാക്കീസിന് സമീപം താമസമാക്കിയ കൃഷ്ണന് വിവാഹവും കഴിച്ചു. ഭാര്യ ജാനകി അഞ്ച് വര്‍ഷം മുമ്പ് മരിച്ചതോടെ മകന് രാമചന്ദ്രനായി കച്ചവടത്തിലെ സഹായി. 94 പിന്നീടുന്ന കൃഷ്ണന് ഗുരുക്കളെ പ്രായാധിക്യത്തിന്റെ അവശത വല്ലാതെ അലട്ടുന്നുണ്ടെങ്കിലും വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ ഇദ്ദേഹം തയാറല്ല. ഉത്സവപറമ്പുകളിലെ ഇലഞ്ഞിക്കും മറ്റു മരങ്ങള്‍ക്കുമൊപ്പം തളിര്‍ത്ത ജീവിതത്തിന്റെ ഒടുക്കം വരെ ഈ യാത്ര തുടരുമെന്നാണ് കൃഷ്ണന് ഗുരുക്കള്‍ പറയുന്നത്.
എഴുപത്തഞ്ച് വര്‍ഷം മുമ്പ് കളിപ്പാട്ടങ്ങളുമായി കൃഷ്ണന് ആദ്യമായി കച്ചവടത്തിനെത്തുമ്പോള്‍ ഇലഞ്ഞിമരത്തിന് കൈത്തണ്ടയുടെ വണ്ണമേയുണ്ടായിരുന്നുള്ളു. അതിന്റെ ചുവട്ടിലാണ് കൃഷ്ണന് അന്ന് കച്ചവടമാരംഭിച്ചത്. ഏഴര പതിറ്റാണ്ടുകൊണ്ട് ഇലഞ്ഞി പടര്‍ന്നു പന്തലിച്ചപ്പോഴും കൃഷ്ണന്റെ സ്ഥാനത്തിന് മാറ്റമുണ്ടായില്ല. കച്ചവടത്തിന്റെ 75 ാം വാര്‍ഷികമാണെന്ന വിവരമറിഞ്ഞതോടെ ആഘോഷകമ്മിറ്റി ഇന്നലെ രാത്രി നടന്ന ചടങ്ങില്‍ കൃഷ്ണന് ഗുരിക്കളെ പൊന്നാടയിട്ട് ആദരിക്കുക യായിരുന്നു.