മെല്‍ബണ്‍: റിക്കാര്‍ഡുമായി ഇരട്ട സെഞ്ചുറി കുറിച്ച അലിസ്റ്റര്‍ കുക്കിന്റെ മികവില്‍ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കേ ഇംഗ്ലണ്ടിന് 164 റണ്‍സിന്റെ ലീഡോടെ നാലാം ദിനം ബാറ്റിംഗ് തുടങ്ങാം. ഒമ്പത് വിക്കറ്റിന് 491 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചു.
244 റണ്‍സുമായി കുക്കും 15 പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ ജയിംസ് ആന്‍ഡേഴ്സണുമാണ് ക്രീസില്‍. കഴിഞ്ഞ പത്ത് ടെസ്റ്റ് ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറി പോലും നേടാന്‍ ബുദ്ധിമുട്ടിയ കുക്ക്, കരിയറിനെത്തന്നെ ചോദ്യംചെയ്യപ്പെട്ട അവസരത്തില്‍ ഇരട്ട സെഞ്ചുറിയുമായി വിമര്‍ശകരുടെ വായടപ്പിച്ചു.
409 പന്തില്‍നിന്നാണ് കുക്ക് 244 റണ്‍സിലെത്തിയത്. പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു സന്ദര്‍ശക ടീം ബാറ്റ്സ്മാന് ടെസ്റ്റില്നേടുന്ന ഉയര്‍ന്ന സ്കോറാണ് കുക്ക് സ്വന്തമാക്കിയത്. 1984ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിവ് റിച്ചാര്‍ഡ്സ് നേടിയ 208 റണ്‍സായിരുന്നു ഇതിനുമുമ്പത്തെ വലിയ സ്കോര്‍.
200 കടന്ന കുക്ക് എംസിജിയില്‍ ഒരു ഇംഗ്ലീഷ് ബാറ്റ്സ്മാന് നേടുന്ന ഉയര്‍ന്ന സ്കോറും കുറിച്ചു. 1928ല്‍ വാലി ഹാമണ്ട്് കുറിച്ച 200 റണ്‍സാണ് കുക്കിനു മുന്നില്‍ പഴങ്കഥയായത്. 151 ടെസ്റ്റ് മത്സരങ്ങളില്‍ കുക്കിന്റെ അഞ്ചാം ഇരട്ട ശതകമാണ്. റണ്‍ വേട്ടയില്‍ കുക്ക് ആറാം സ്ഥാനത്തേക്കു കടന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയെയാണ് കുക്ക് 11,956 റണ്‍സുമായി പിന്തള്ളിയത്.
പരമ്പരയിലെ ആദ്യ മൂന്നു മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞ ഓസ്ട്രേലിയ പരമ്പരയില്‍ 5-0ന്റെ സമ്പൂര്‍ണ ജയം നേടുമെന്നാണ് കരുതിയത്. എന്നാല്‍ കുക്കിന്റെ ഇന്നിംഗ്സ് പുറത്തുവന്നതോടെ ഓസ്ട്രേലിയ ആ പ്രതീക്ഷകള്‍ മാറ്റിവയ്ക്കേണ്ടിവരും.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് വൈകാതതെന്ന നായകന് ജോ റൂട്ടിനെ നഷ്ടമായി. അര്‍ധ സെഞ്ചുറി കടന്ന റൂട്ടിനെ (61) പാറ്റ് കമ്മിന്‍സ് നഥാന്‍ ലയോണിന്റെ കൈകളിലെത്തിച്ചു. 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് റൂട്ടിന്റെ പുറത്താകലിലൂടെ തകര്‍ന്നത്. പരമ്പരയില്‍ റൂട്ടിന്റെ മൂന്നാം അര്‍ധ സെഞ്ചുറിയാണ്. പിന്നീടെത്തിയവരില്നിന്ന് വലിയ ഇന്നിംഗ്സ് പുറത്തുവന്നില്ല.
ചെറിയ കൂട്ടുകെട്ടുകള്ക്കുശേഷം പലരും പുറത്തായി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും മറുവശത്ത് കുക്ക് പിടിച്ചു നില്‍ക്കുകയായിരുന്നു. ക്രിസ് വോക്സുമായി ചേര്‍ന്ന് കുക്ക് 59 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. വോക്സ് (26) കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്നു ക്യാച്ച് നല്കി.
കുക്കിനു മികച്ച പിന്തുണ നല്‍കാനുള്ള അടുത്ത ചുമതല സ്റ്റുവര്‍ട്ട് ബ്രോഡിനായിരുന്നു. ഇരുവരും ചേര്‍ന്നുള്ള ഒമ്പതാം വിക്കറ്റ് സഖ്യം 110 പന്തില്‍ 100 റണ്‍സ് എടുത്തു. ബ്രോഡാണ് കൂടുതല്‍ ആക്രമണകാരിയായത്. 63 പന്തില്‍ 56 റണ്‍സ് നേടിയ ബ്രോഡിനെ കമ്മിന്‍സിന്റെ പന്തില്‍ ഉസ്മാന് ഖവാജ പിടികൂടി. ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലയോണ്‍, കമ്മിന്‍സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
കുക്കിന്റെ ഇന്നിംഗ്സില്‍ രണ്ടു രക്ഷപ്പെടലുകള്‍ ഉണ്ടായിരുന്നു. രണ്ടും സ്റ്റീവന്‍ സ്മിത്തിന്റെ കൈയില്‍നിന്നു വഴുതുകയായിരുന്നു. ആദ്യം 66ല്‍വച്ചും അടുത്തത് 153 ലും ജീവന് ലഭിച്ചു.
2011ല്‍ ഇന്ത്യക്കെതിരെ എജ്ബാസ്റ്റണില്‍ നേടിയ 294 റണ്‍സാണ് കുക്കിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന സ്കോര്‍.
കുക്ക്@ റിക്കാര്‍ഡ് ബുക്ക്
* ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ആറാംസ്ഥാനം. മുന്നിലുള്ളത് സച്ചിന് തെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ജാക് കാലിസ്, രാഹുല്‍ ദ്രാവിഡ്, കുമാര്‍ സംഗക്കാര എന്നിവര്‍ മാത്രം
* ഒാസ്ട്രേലിയന്‍ മണ്ണില്‍ ഒന്നിലേറെ ഡബിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം. വാലി ഹാമണ്ട് (3), ബ്രയാന്‍ ലാറ (2) എന്നിവര്‍ മാത്രമാണ് കുക്കിന് മുമ്പേ ഈ നേട്ടം സ്വന്തമാക്കിയത്
* ഓസ്ട്രേലിയയ്ക്കെതിരേ ഏറ്റവുമധികം സമയം ബാറ്റ് ചെയ്ത താരമെന്ന റിക്കാര്‍ഡും കുക്കിന് സ്വന്തം. 632 മിനിറ്റാണ് മെല്‍ബണില്‍ കുക്ക് ഇതുവരെ ക്രീസില്‍ നിന്നത്
* മെല്‍ബണില്‍ ഒരു വിദേശ താരത്തിന്റെ ഏറ്റവും മികച്ച സ്കോര്‍. മറികടന്നത് വിവ്് റിച്ചാര്‍ഡ്സിനെ (208)