മുംബൈ: ഒടുവിൽ അനുജൻ ചേട്ടനു മുന്പിൽ തലകുനിച്ചു. അനിൽ അംബാനി തന്റെ റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) കന്പനിയുടെ ആസ്തികളെല്ലാം മുകേഷ് അംബാനിക്കു വിൽക്കും.സ്പെക്ട്രം, ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക്, മീഡിയ കൺവേർജൻസ് നോഡ് എന്നിവയെല്ലാം വില്പനയിൽപെടുന്നു. വില പിന്നീടു പ്രഖ്യാപിക്കും.
45,000 കോടി രൂപയുടെ കടം കയറി ദുരിതത്തിലായിരിക്കുകയാണ് അനിൽ അംബാനി. ആർകോം വിറ്റ് 25,000 കോടി കിട്ടുമെന്നാണു പ്രതീക്ഷ. പിന്നെ മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയുടെ ഭൂമി വിറ്റ് പതിനായിരം കോടി സമാഹരിക്കും. ഒടുവിൽ 6,000 കോടിയായി കടം കുറയ്ക്കാമെന്നാണു പ്രതീക്ഷ.എന്നാൽ, മുകേഷ് ആർകോമിന് ഇടുന്ന വില അനുസരിച്ചിരിക്കും അനിലിന്റെ ഭാവി. വില തീരെക്കുറവായാൽ ബാങ്കുകൾ അനിൽ അംബാനിയെ കിട്ടാക്കടക്കാരനായി പ്രഖ്യാപിച്ചെന്നു വരും.
മുകേഷ് അംബാനിയുടെ ഇഷ്ടബിസിനസായിരുന്നു ടെലികോം. 2006ൽ സഹോദരന്മാർ പിരിഞ്ഞപ്പോൾ അനിൽ ബലമായി പിടിച്ചു വാങ്ങിയതാണത്. ഒരു ദശകത്തിനകം ജ്യേഷ്ഠൻ റിലയൻസ് ജിയോയുമായി വീണ്ടും ടെലികോമിൽ വന്നു. ഇതോടെ ആർകോം അടക്കമുള്ള ഇടത്തരം കന്പനികൾ തകർച്ചയിലായി.
കടം പുനഃക്രമീകരിക്കാൻ ചർച്ച നടക്കുന്നതിനിടെയാണ് ടെലികോം ബിസിനസ് വിറ്റൊഴിഞ്ഞു കടക്കെണിയിൽനിന്നു രക്ഷപ്പെടാൻ അനിൽ തീരുമാനിച്ചത്. മാർച്ചോടെ ഇടപാട് പൂർത്തിയാക്കി കടത്തിന്റെ മുഖ്യഭാഗം വീട്ടാമെന്ന് അനിൽ കരുതുന്നു.
ആർകോമിന്റെ ആസ്തികൾ പോയാൽ പിന്നെ അനിലിന് റിലയൻസ് കാപ്പിറ്റൽ, ചലച്ചിത്ര മേഖലയിലുള്ള റിലയൻസ് മീഡിയാ വർക്സ്, ഇപ്പോൾ ദുർബല നിലവാരത്തിലുള്ള റിലയൻസ് പവർ, ക്ഷീണാവസ്ഥയിലായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണു ശേഷിക്കുക. 2007ൽ 4,500 കോടി ഡോളർ ഉണ്ടായിരുന്നു അനിലിന്റെ സന്പത്ത്. ഇപ്പോൾ അതു ഫോർബ്സ് കണക്കു പ്രകാരം 315 കോടി ഡോളർ. മുകേഷാകട്ടെ ഇപ്പോഴും 3,800 കോടി ഡോളറിനുടമ.
ആർകോമിൽ ശേഷിക്കുന്നതു സമുദ്രാന്തര കേബിൾ ബിസിനസ് മാത്രമാണ്. 2008ൽ 30 സെക്കൻഡ് കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ ഓഹരി വില്പന നടത്തിയ റിലയൻസ് പവറിന് ഇന്ന് മൂല്യം 12,000 കോടി രൂപ.
ആർകോമിനെ വാങ്ങുന്പോൾ റിലയൻസ് ജിയോയ്ക്ക് സ്പെക്ട്രത്തിനു പുറമേ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്വർക്കും ടവറുകളും കിട്ടും. ഇത് ജിയോയ്ക്കു നിലവിലുള്ള കുറേ സർവീസ് പോരായ്മകൾ പരിഹരിക്കാൻ സഹായകമാകും.
പരേതനായ പിതാവ് ധീരുഭായ് അംബാനിയുടെ ജന്മദിനത്തിലാണ് സഹോദരന്മാർ വീണ്ടും ടെലികോം ബിസിനസ് സംയോജിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.