കൊച്ചി: നടി പാര്വതിയ്ക്കെതിരേ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം നടത്തിയതിന് രണ്ട് ദിവസങ്ങള്‍ക്കിടയില്‍ അറസ്റ്റിലായത് രണ്ടു യുവാക്കള്‍. സൂപ്പര്‍താരത്തോടുള്ള അന്ധമായ ആരാധന മൂത്ത് നടിയെ അധിക്ഷേപിക്കാനിറങ്ങിയ നിരവധി യുവാക്കള്‍ കുടുങ്ങുമെന്നാണ് സൂചന. ഈ വിഷയത്തില്‍ ഉറച്ച നിലപാടുമായി മമ്മൂട്ടി രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുന്നത് താരത്തിന്റെ പേരുപറഞ്ഞ് തെറിവിളി നടത്തിയിരുന്ന ആരാധകവൃന്ദമാണ്.
മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ പല അംഗങ്ങളും പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയിരുന്നു. കൂടുതല്‍ ആളുകളുടെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചയാളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.
എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പ് നടി പാര്‍വതി നല്കിയ പരാതിയില്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് ഐടി ആക്ട് 67, 67എ എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകളും ഭീഷണിപ്പെടുത്തിയതിന് ഐപിസി 507 പ്രകാരവും സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയതിന് ഐപിസി 509 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്നും സിഐ സിബി ടോം പറഞ്ഞു. അഞ്ചു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിവ.
തനിക്കുവേണ്ടി പ്രതികരിക്കാനും പ്രതിരോധിക്കാനും ആരെയും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയതോടെ താരത്തിന്റെ പേരുപറഞ്ഞ് ട്രോളിയവര്‍ നിശബ്ദരായിരിക്കുകയാണ്. പാര്‍വതി ഡിജിപിക്ക് കൈമാറിയത് ആകെ 23 സ്ക്രീന്‍ ഷോട്ടുകളാണ്. പാര്‍വതിക്കെതിരെ പരാമര്‍ശങ്ങളുമായി നിരവധി വിഡിയോകളും പ്രചരിച്ചിരുന്നു.
ഇതിന്റെ ഉറവിടങ്ങളും പൊലീസ് തേടുന്നുണ്ട്. എറണാകുളം സൗത്ത് പൊലീസാണ് സംഭവത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ന്നാല് സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. മമ്മൂട്ടിയുടെ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായാണ് സംഘടന രൂപീകരിച്ചത്.
സംഘടനയുടെ സജീവ പ്രവര്‍ത്തകരാരും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടരുതെന്ന് മുന്‍പേ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നുമാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്.