മുംബൈ: സെൻട്രൽ മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് 14 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ 12 പേർ സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് സേനാപതി മാർഗിലെ കമല മിൽസിന്റെ ആറു നില കെട്ടിടത്തിന് തീപിടിച്ചത്.
മോജോ ബ്രിസ്റ്റോ എന്ന റസ്റ്ററന്റിലുണ്ടായ തീപിടിത്തം മുകളിലേക്കു പടരുകയായിരുന്നു. ഈ സമയം 150 പേരോളം റസ്റ്ററന്റിൽ ഉണ്ടായിരുന്നു. തീപിടിത്തമുണ്ടായ സമയത്ത് ഇവിടെ ഒരു യുവതിയുടെ ജന്മദിന ആഘോഷം നടക്കുന്നുണ്ടായിരുന്നു. ഈ യുവതിയും സുഹൃത്തുക്കളും തീപിടിത്തത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്.
രണ്ടു മണിക്കൂർ എടുത്താണ് അഗ്നിശമനസേന തീയണച്ചത്. രക്ഷാപ്രവർത്തനത്തിൽ 12 ഫയർഫോഴ്സ് യൂണിറ്റുകൾ പങ്കെടുത്തു. പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മാധ്യമ ഓഫീസുകളും ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ(ബിഎംസി) കമ്മീഷണർ അജോയ് മെഹ്ത ദുരന്തമേഖല സന്ദർശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ രാഷ്ട്രപതി അനുശേചനം രേഖപ്പെടുത്തി. മോജോ ബ്രിസ്റ്റോ എന്ന റസ്റ്ററന്റിന്റെ ഉടമയ്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.