പേരൂർക്കട: വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പകയും വിദ്വേഷവും ഒടുവിൽ ആളിക്കത്തിയപ്പോൾ അക്ഷയ് കവർന്നെടുത്തത് പെറ്റമ്മയുടെ ജീവൻ. കുഞ്ഞുന്നാളു മുതൽ തന്നെ എല്ലാ കാര്യത്തിൽ ഒപ്പമുണ്ടായിരുന്ന അമ്മയുടെ മേൽ ഉണ്ടായ തെറ്റിധാരണകൾ പിണക്കങ്ങൾക്കു വഴിതെളിച്ചു.
ഈവർഷം ജനുവരിയിലാണ് പിതാവ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത്.കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്ക്ക് കുടുംബം താമസിച്ചിരുന്ന വീട് ഒറ്റപ്പെട്ട നിലയിലായിരുന്നു. കുടുംബ ബന്ധങ്ങളിൽ താളപ്പിഴകൾ കണ്ടുതുടങ്ങിയതോടെയാണ് അക്ഷയ് ലഹരിക്കടിപ്പെടുന്നത്.
ലഹരിയുടെ മൂർധന്യാവസ്ഥയും പെട്ടെന്നുള്ള പ്രകോപനവും ഇയാളെ ഒരു കൊലപാതകിയാക്കി മാറ്റി. ആസൂത്രണം കൊലയ്ക്കു പിന്നിലുണ്ടായിരുന്നില്ല എന്ന് പോലീസ് വ്യക്തമാക്കി. മാതാവിന്റെ ശരീരം പുറത്ത് എരിയുന്പോൾ അക്ഷയ് വീടിനു ള്ളിൽ സന്തോഷത്തോടെ സമയം ചെലവഴിക്കുകയായിരുന്നു.
ഒരുകൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും അവർക്കൊന്നും അക്ഷയ് ഇത്രയും ക്രൂരനായ കൊലപാതകിയായി മാറുമെന്ന് അറിയുമായിരുന്നില്ല. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്പോൾ സുഹൃത്തുക്കൾ അന്പരപ്പോടെ നിന്നുവെങ്കിലും അക്ഷയ് കൂളായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ കൊലചെയ്തുവെന്ന് തുടക്കത്തിൽ സമ്മതിച്ചില്ല, എങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഇയാളിൽ നിന്നു കൃത്യമായ മറുപടിയുണ്ടായി. മൃതദേഹം വീടിനുള്ളിൽ ഇനി സൂക്ഷിക്കണ്ട എന്നു കരുതിയാണ് കൊലചെയ്തശേഷം കത്തിക്കാമെന്നു വിചാരിച്ചത്. മൃതദേഹം കത്തുന്ന ഗന്ധം പുറത്ത് എത്തിയിരുന്നുവെങ്കിലും നാട്ടുകാർ ആരും പോലീസിൽ സാക്ഷിപറഞ്ഞില്ല.
അക്ഷയ് തന്റെ മാതാവിനെ കൊന്നുവെന്ന് ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ലെങ്കിലും ഇയാളുടെ ലഹരിയുപയോഗം പ്രദേശവാസികൾക്ക് അറിവുള്ളതാണ്.