കൂത്താട്ടുകുളം: റോഡരികിലും കൃഷിയിടത്തിലും തള്ളിയ കക്കൂസ് മാലിന്യം തിരികെ കോരിച്ചു. മാലിന്യം തള്ളിയ ലോറിക്കാരുടെ ഉത്തരവാദിത്വത്തിലാണ് ഇവ നീക്കം ചെയ്യുന്നത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ്, നഗരസഭാംഗം ഫെബീഷ് ജോർജ്,എസ് ഐ ഇ.എസ്. സാംസണ് എന്നിവർ ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി.
ബുധനാഴ്ച പുലർച്ചെ 4.30 ന് കൂത്താട്ടുകുളം കിഴകൊന്പ് കണിയാലിപ്പടിയിൽ റോഡരുകിലും കൂത്താട്ടുകുളം ചന്പോന്തയിൽ പുരയിടത്തിലേക്കുമാണ് മാലിന്യം ഒഴുക്കിയത്. സംഭവത്തിൽ തൃപ്പൂണിത്തുറ പുതിയകാവ് പത്താഴക്കുഴിയിൽ ജെസ്റ്റിൻ (36), പുതിയകാവ് വളച്ചയിൽ ലാൽ (34), പാലക്കാട് കുന്പളം പോളക്കുളത്ത് സുധിഷ് (21) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർന്ന് വാഹനം തടയുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് വാഹനത്തിലുണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുത്തു.