ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. മുന്‍ മിസ്സ് ഇന്ത്യയും യുണിസെഫ് സംഘനയുടെ ബ്രാന്‍ഡ് അബാസിഡറുമായ നടി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. തിരക്കുള്ള ജീവിതം നയിക്കുന്ന പ്രിയങ്ക വിവാഹിതയാവാത്തതെന്താണെന്നാണ് അവരുടെ ആരാധകര്‍ ചോദിക്കുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം തന്നെ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി.
തീര്‍ച്ചയായും താന്‍ വിവാഹിതയാവുമെന്നും ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാന്‍ വേണ്ടത്ര മക്കള്‍ വേണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് പ്രിയങ്ക പറയുന്നത്. വിവാഹത്തിന് ആകെയുള്ള തടസ്സം തനിക്കിണങ്ങുന്ന ഒരു വരനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതു മാത്രമാണെന്നും പ്രിയങ്ക വെളിപ്പെടുത്തി.
വിവാഹക്കാര്യത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കുമ്പോഴൊക്കെ അമ്മ പറയുന്ന ഒരു കാര്യമുണ്ട്. നിന്റെ ജോലിയെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന, അല്ലെങ്കില്‍ മനസ്സിലാക്കുന്ന ഒരാളായിരിക്കണം നീ ജീവിതത്തിലേക്കു തിരഞ്ഞെടുക്കുന്ന ആള്. കൃത്യസമയത്ത് അങ്ങനെയൊരു ആളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക പറയുന്നു.
സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചു മാത്രമല്ല കരിയറില്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും താരം അഭിമുഖത്തില്‍ മനസ്സു തുറന്നു. പല സംവിധായകരുടെയും നടന്മാരുടെയും പെണ്‍സുഹൃത്തുക്കള്‍ മൂലം സിനിമയില്‍ തനിക്കു ലഭിക്കേണ്ട പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. അതുപോലെ നടികള്‍ക്ക് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്ന മറ്റൊരു വിഷയമാണ് പ്രതിഫലം. ‘എന്തിനാണ് നിങ്ങള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നതെന്ന് നടികളോട് ചോദിക്കുന്ന ആളുകള്‍ എന്തുകൊണ്ട് ഈ ചോദ്യം പുരുഷന്മാരോടു ചോദിക്കുന്നില്ല’?
ഹോളിവുഡും ബോളിവുഡും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്നും താരം പറയുന്നു. ഹോളിവുഡില്‍ സമയത്തിനു നല്ല വിലയുണ്ട്. അവിടെയെല്ലാവരും കുറേക്കൂടി കൃത്യനിഷ്ഠയുള്ളവരാണ്. സിനിമയുടെ കാര്യത്തില്‍ രണ്ടിടത്തും വലിയ വ്യത്യാസമൊന്നും ഫീല്‍ ചെയ്തില്ല. പെണ്‍കുട്ടികളെ ബഹുമാനിക്കാനാണ് അല്ലാതെ കളിയാക്കാനോ ഉപദ്രവിക്കാനോ അല്ല ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് മീറ്റൂ ക്യാപയിനെക്കുറിച്ച് പ്രിയങ്ക പറഞ്ഞു.
എന്റെ പേടികളെ മറികടക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമായി കണക്കാക്കുന്നത്. ഏറ്റവും വലിയ സങ്കടം എന്താണെന്നുവെച്ചാല്‍ അച്ഛന്റെയൊപ്പം ചിലവഴിക്കാന്‍ മതിയായ സമയം ലഭിക്കുന്നില്ല എന്നുള്ളതു തന്നെ. പ്രിയങ്ക പറയുന്നു.