സരിതയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര്! ഗണേഷ്‌കുമാറിന്റെ ഗൂഢാലോചനയെന്ന് ഫെനി ബാലകൃഷ്ണന്റെ മൊഴി; ഇനിയും പലരുടെയും പേരുകള്‍ സരിത പറയുമെന്നും ഫെനി

സരിതയുടെ കത്ത് താന്‍ കണ്ടിരുന്നെന്നും 21 പേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര കോടതിയില്‍ മൊഴി നല്‍കി. സോളാര്‍ കമ്മീഷനില്‍ സരിതയുടെ കത്തെന്ന പേരില്‍ ഹാജരാക്കിയത് 25 പേജുള്ള കത്താണ്. പത്തനംതിട്ട ജയിലില്‍നിന്നാണ് താന്‍ കത്ത് കൈപ്പറ്റിയത്. അപ്പോള്‍ 21 പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ ബന്ധുവായ ശരണ്യ മനോജിനെയാണ് കത്ത് ഏല്‍പ്പിച്ചത്. എം.എല്‍.എ.യുടെ നിര്‍ദേശപ്രകാരം ബന്ധുവും പി.എ.യും ചേര്‍ന്ന് നാലുപേജുകള്‍ കൂടി എഴുതി തയ്യാറാക്കി സരിതയ്ക്ക് കൈമാറുകയായിരുന്നു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഇങ്ങനെ എഴുതി ചേര്‍ത്തതാണ്. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതിന്റെ വിരോധമാണ് ഇതിനു കാരണമെന്നും ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി. സരിത നായരും കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യും ഗൂഢാലോചന നടത്തി വ്യാജ കത്ത് തയ്യാറാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി രേഖപ്പെടുത്തിയത്. സോളാര്‍ കേസില്‍ രമേശ് ചെന്നിത്തലയുടെ പേര് ഉള്‍പ്പെടുത്താന്‍ സരിതയും ഗണേഷ്‌കുമാറും ശ്രമിച്ചെന്ന് ഫെനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോടും പറഞ്ഞു.

കത്തില്‍ ഉമ്മന്‍ചാണ്ടിയുടെയും മറ്റുള്ളവരുടെയും പേരുണ്ടെന്നു പറയാന്‍ സരിത തന്നെ നിര്‍ബന്ധിച്ചു. ഇവരുടെ നീക്കങ്ങള്‍ക്ക് വഴങ്ങാത്തതാണ് വക്കാലത്ത് ഒഴിയാന്‍ കാരണമായത്. സരിത എഴുതിയ കത്ത് താന്‍ കണ്ടിട്ടില്ലെന്ന സരിതയുടെ വാദം തെറ്റാണ്. എറണാകുളം സി.ജെ.എം. കോടതിയുടെ നിര്‍ദേശപ്രകാരമാണ് കത്ത് കണ്ടത്. സരിത പലരെയും ബ്ലാക്മെയില്‍ ചെയ്തിരുന്നു. ഇ.പി.ജയരാജന്‍ എം.എല്‍.എ. 10 ലക്ഷം വാഗ്ദാനം ചെയ്തെന്ന ആരോപണം ഇതിന്റെ ഭാഗമാണ്. ഇനിയും അവര്‍ പലരുടെയും പേരുകള്‍ പറഞ്ഞേക്കാമെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

 

Related posts