ഇന്ത്യന്‍ ബാഡ്മിന്റണ്‍ മുമ്പെങ്ങും ഇല്ലാത്തവിധം മിന്നിത്തിളങ്ങിയ വര്‍ഷമായിരുന്നു 2017. പതിമൂന്ന് സുപ്രധാന കിരീടങ്ങളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയെടുത്തത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ മുമ്പെങ്ങും കൈവരിച്ചിട്ടില്ലാത്ത നേട്ടമാണിത്. അതുപോലെ തന്നെ വിജയമുറപ്പിച്ച പല മത്സരങ്ങളിലും തലനാരിഴ വ്യത്യാസത്തില്‍ നമ്മുടെ താരങ്ങള്‍ കീഴടങ്ങിയതിനും 2017 സാക്ഷിയായി. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ബാഡ്മിന്റണിന്റെ നാഴികക്കല്ലായിരുന്നു 2017 എന്ന വര്‍ഷം.
സൈന നെഹ്വാള് ഹാട്രിക് ടൈറ്റിലുകള്‍ സ്വന്തമാക്കിയ 2010 മുതല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഉയര്‍ന്നു പറക്കാന്‍ ആരംഭിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമുയര്ത്തിക്കൊണ്ടിരുന്നു. 2012 ഒളിമ്പിക്സില്‍ വെങ്കലം നേടിക്കൊണ്ട് സൈനയാണ് ബാഡ്മിന്റണില്‍നിന്ന് രാജ്യത്തിന് ആദ്യമായി ഒളിന്പിക് മെഡല്‍ സമ്മാനിച്ചത്.
2016 ഒളിമ്പിക്സില്‍ പി.വി. സിന്ധു അത് വെള്ളിയാക്കി ഉയര്‍ത്തി. ഇതോടെ, ക്രിക്കറ്റ്, ഫുട്ബോള്‍, ടെന്നീസ് തുടങ്ങിയ ഗെയിമുകളുടെ ജനപ്രീതിക്കൊപ്പം ബാഡ്മിന്റണും തലയുയര്‍ത്തി നിന്നു. അതിനെ സാധൂകരിക്കുന്നതായിരുന്നു 2017ലെ പ്രകടനം. കിഡംബി ശ്രീകാന്തിന്റെ നേതൃത്വത്തിലായിരുന്നു ആണ്പടയുടെ കുതിപ്പ്. നാല് സൂപ്പര്‍ സീരീസ് കിരീടങ്ങളാണു ശ്രീകാന്ത് സ്വന്തമാക്കിയത്.
ഏഴ് ഇന്ത്യന്‍ താരങ്ങള്‍ 13 മേജര്‍ ടൈറ്റിലുകളാണ് രാജ്യത്തിനു സമ്മാനിച്ചത്. ഇതിനു പുറമേ ലോകചാമ്പ്യന്‍ഷിപ്പില്‍ സിന്ധു നേടിയ വെള്ളിയും സൈന സ്വന്തമാക്കിയ വെങ്കലവും ഇന്ത്യന്‍ ബാഡ്മിന്റണ്‍ തിളക്കമേറ്റുന്നു. ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയുമായി ഒരു മണിക്കൂര്‍ അമ്പതു മിനിട്ട് നീണ്ടുനിന്ന, സിന്ധുവിന്റെ ഏറ്റുമുട്ടലിനെ ‘’ഐതിഹാസിക പോരാട്ടം’’ എന്നാണ് കായികലോകം വിശേഷിപ്പിച്ചത്.
പുതിയ ചാന്പ്യന്മാർ
2016 വരെ വിജയങ്ങള്‍, സൈന, ശ്രീകാന്ത്, സിന്ധു എന്നീ മൂന്നു നാമങ്ങള്‍ക്കു ചുറ്റും കറങ്ങുകയായിരുന്നെങ്കില്‍, അതില്‍ പൊളിച്ചെഴുത്ത് നടക്കുന്നതാണ് ഈ വര്‍ഷം നമ്മള് കണ്ടത്. സായ് പ്രണീത്, സമീര്‍ വര്‍മ, എച്ച്.എസ്. പ്രണോയ്, പ്രണാവ് ചോപ്ര, സിക്കി റെഡ്ഡി എന്നിവരും ഈ വര്‍ഷം ഇന്ത്യയുടെ വിജയ പതാക കൈകളിലേന്തി. സിന്ധു രണ്ട് സൂപ്പര്‍ സീരിസുകള്‍ നേടി. ഇന്ത്യ ഓപ്പണും കൊറിയ ഓപ്പണും. ഏറ്റവുമൊടുവില്‍ വര്‍ഷാവസാന ടൂര്‍ണമെന്റായ ദുബായ് സൂപ്പര്‍ സീരീസ് ഫൈനല്‍സില്‍ വെള്ളിയും.
പുരുഷന്മാർ കിരീടം കൊണ്ടുവന്നു
വനിതാ താരങ്ങളെ അപേക്ഷിച്ച് പുരുഷതാരങ്ങള്‍ കൂടുതല്‍ കിരീരങ്ങള് നേടിയ വര്‍ഷമായിരുന്നു. ശ്രീകാന്തും സംഘവും പുരുഷസിംഗിളുകളില് സമുന്നതി പ്രകടമാക്കി. 2017 പ്രധാന എല്ലാ ടൂര്‍ണമെന്റുകളിലും പുരുഷതാരങ്ങളുണ്ടായിരുന്നു. കിരീടങ്ങള്‍ നേടുകയും വന്‍കിട താരങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു.
പുരുഷ സിംഗിള്‍സില്‍ ആധിപത്യം പുലര്‍ത്തിയ വര്‍ഷമായിരുന്നു. ജനുവരിയില്‍ സയ്യിദ് മോദി ഗ്രാന്‍ പ്രീ ഗോള്‍ഡ് ടൈറ്റില്‍ നേടിക്കൊണ്ട് സമീര്‍ വര്‍മ തുടക്കം കുറിച്ച ജൈത്രയാത്ര മറ്റു താരങ്ങളിലൂടെ തുടര്‍ന്നു. എതിരാളി സായി പ്രണീത് ആയിരുന്നു. ഏപ്രിലില്‍ സായി പ്രണീത് തന്റെ ആദ്യ സൂപ്പര്‍ സീരിസ് ടൈറ്റിലായ സിംഗപ്പൂര്‍ ഓപ്പണ്‍ നേടിയപ്പോള്‍ എതിര് പക്ഷത്ത് കളിച്ചത് സാക്ഷാല്‍ ശ്രീകാന്ത്. ജൂണില്‍ തായ്ലന്ഡ് ഓപ്പണും പ്രണീത് സ്വന്തമാക്കി.
രണ്ടാഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ പതാക കൈകളിലേന്തിയത് ശ്രീകാന്ത് ആയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഇന്തോനേഷ്യ ഓപ്പണ്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു അത്. ഈ കിരീട നേട്ടത്തിന് ശ്രീകാന്തിന്റെ പരിശീലന പങ്കാളിയും മലയാളിയുമായ എച്ച്.എസ്. പ്രണോയിയുടെ സഹായമുണ്ടായിരുന്നു. പ്രണോയ് ബാഡ്മിന്റണിലെ മലേഷ്യന്‍ ഇതിഹാസം ലീ ചോംഗ് വീയെയും ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെയും പരാജയപ്പെടുത്തി. ഇതോടെ ശ്രീകാന്തിന് കിരീട നേട്ടം അനായാസമായി.
പ്രണോയിയെ സെമിയില്‍ പരാജയപ്പെടുത്തിയ ജപ്പാന്റെ കസുമാസ സാകായിയെയാണ് ഫൈനലില്‍ ശ്രീകാന്ത് തോല്‍പ്പിച്ചത്. തൊട്ടടുത്ത ആഴ്ച തന്നെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് സ്വന്തമാക്കിക്കൊണ്ട് ശ്രീകാന്ത് വീണ്ടും അഭിമാനമായി. ഒക്ടോബറില്‍ നടന്ന ഡെന്മാര്ക്ക് ഓപ്പണിലും ശ്രീകാന്തിന് പ്രണോയിയുടെ സഹായമുണ്ടായിരുന്നു. രണ്ടാം റൗണ്ടില്‍ ലീ ചോംഗ് വീയെ മലയാളി താരം പരാജയപ്പെടുത്തി.
ഇതോടെ ശ്രീകാന്തിന് മുന്നോട്ടുള്ള ഘട്ടങ്ങൾ അനായാസമായി. കൊറിയയുടെ ലീ ഹുയന്‍ ഇലിനെ പരാജയപ്പെടുത്തി ശ്രീകാന്ത് മൂന്നാം സൂപ്പര്‍ സീരീസില്‍ മുത്തമിട്ടു. അടുത്തയാഴ്ച നടന്ന ഫ്രഞ്ച് ഓപ്പണിലും പ്രണോയ് ലീ ഹുയനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചു. സെമിയില്‍ പ്രണോയ് കൂട്ടുകാരന് ശ്രീകാന്തിനോടു തോറ്റു. അവസാനം ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ശ്രീകാന്ത് സ്വന്തമാക്കി. ഈ നേട്ടത്തോടെ ഒരു വര്‍ഷം നാലു സൂപ്പര്‍ സീരീസ് നേടുന്ന അഞ്ചാമത്തെ താരമായി.
ഗോപീചന്ദിന്റെ ശിക്ഷണം
ഇന്ത്യന്‍ താരങ്ങള്‍ നേടിയ വിജയത്തോടു ചേര്‍ത്തുവയ്ക്കേണ്ട ഒരു പേരുണ്ടെങ്കില്‍ അത് പരിശീലകന് പുല്ലേല ഗോപീചന്ദിന്റെയാണ്. അദ്ദേഹത്തിന്റെ പരിശീലന ചാതുരി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ് നല്കി.
സൈനയും സിന്ധുവും വിജയകഥകളായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ അതിനൊരു തുടര്‍ച്ചയാകാന്‍ ശ്രീകാന്തിനും കൂട്ടര്‍ക്കും കഴിയുമെന്നുള്ള ഗോപീചന്ദിന്റെ ദീര്‍ഘവീക്ഷണം ശരിയായി വരുന്നതാണ് പിന്നീടു നമ്മള് കണ്ടത്. തന്റെ കളിക്കാരുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് ഗോപീചന്ദ് ഇന്ത്യന്‍ ബാഡ്മിന്റണെ പടിപടിയായി പണിതുയര്‍ത്തി.
വിജയങ്ങളേറെ കൈപ്പിടിയിലൊതുക്കിയെങ്കിലും ചില സുപ്രധാന നേട്ടങ്ങള്‍ കൈയെത്തും ദൂരത്ത് നമ്മള് കൈവിട്ടു. ഒളിമ്പിക് ഗോള്‍ഡ്, ലോകചാമ്പ്യന്‍ഷിപ്പ് കിരീടം തുടങ്ങിയവ. വരും വര്‍ഷങ്ങളില്‍ ഈ നേട്ടങ്ങളും നമ്മള് കൈവരിക്കുമെന്നാണ് 2017 നല്കുന്ന പ്രതീക്ഷ.