ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കിടപ്പ് രോഗികളുടെ കാര്യം പരുങ്ങലിലായി.വാർഡുകളിൽ കിടക്കുന്ന രോഗികളുടെ രക്തം പരിശോധനയ്ക്കെടുക്കുന്നത് ജൂണിയർ ഡോക്ടർമാരാണ്. ജൂണിയർ ഡോക്ടർമാർ സമരത്തിലായതിനാൽ ഇപ്പോൾ നഴ്സുമാർക്കാണ് ആ ചുമതല നല്കിയിരിക്കുന്നത്.
ഒരു വാർഡിൽ പരിധിയിൽ കൂടുതൽ രോഗികൾ കിടക്കുന്നതിനാൽ രക്ത സാന്പിൾ എടുക്കുന്നത് ശ്രമകരമെന്നാണ് പറയുന്നത്. മറ്റു ജോലികൾക്കിടയിൽ രക്ത സാന്പിൾ കൂടി എടുക്കേണ്ടി വരുന്നത് സമയനഷ്ടമുണ്ടാകും. ഇതെല്ലാം ബാധിക്കുന്നത് രോഗികളെയാണ്.
ഏറെ കരുതലും പരിചരണവും കിട്ടേണ്ട ഹൃദ്രോഗ വിഭാഗത്തിലെ രോഗികളുടെ കാര്യം പരുങ്ങലിലായി. ഒപി വിഭാഗത്തിൽ ഡോക്ടർമാർ കുറവായതിനാൽ ഇന്നലെ ഉച്ചയായിട്ടും ഒപിയിലെ പരിശോധന പൂർത്തിയായില്ല. മെഡിക്കൽ കോളജിലേക്ക് പോയാൽ ചികിത്സ കിട്ടുകയില്ല എന്നു കരുതി പലരും മറ്റ് ആശുപത്രികളെ അഭയം പ്രാപിച്ചിട്ടുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.
ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ 25 ശസ്ത്രക്രിയകൾ മാറ്റിവച്ചു. മുൻ നിശ്ചയപ്രകാരം ജനറൽ സർജറി, ഗൈനക്കോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്. അതേസമയം അസ്ഥിരോഗവിഭാഗത്തിൽ നാലു ശസ്ത്രക്രിയകളും ഹൃദയരോഗ വിഭാഗത്തിൽ ഒരു ശസ്ത്രക്രിയയും നടന്നു.
ആൻജിയോഗ്രാം ആൻജിയോ പ്ലാസ്റ്റി ചികിത്സകളും പൂർണമായും നടന്നു. സമരം അനാവശ്യമാണെന്നും ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സമരത്തിൽ നിന്ന് പിൻമാറണമെന്നും കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ഹെൽത്ത് സർവീസിലെയും ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ കേരള മെഡിക്കൽ ജോയിന്റ് ആക്ഷൻ കൗണ്സിൽ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.