ഗുരുവായൂർ: ഗുരുവായൂരിൽ നടതളളുന്ന അമ്മമാരെ സംരക്ഷിക്കാൻ കുറൂരമ്മ ഭവനം വികസിപ്പിക്കാൻ ദേവസ്വം കമ്മിറ്റി നടപടിസ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മക്കൾക്കു വേണ്ടാത്ത അമ്മമരെ സംരക്ഷിക്കുന്ന ഭവനമാക്കി കുറൂരമ്മ ഭവനം മാറ്റണം.അവർക്ക് ക്ഷേത്രത്തിൽ പോകാൻ വാഹനവും ചികിത്സക്ക് ആശുപത്രി സംവിധാനവും ഏർപ്പെടുത്തണം.
പ്രായമായ അമ്മമാർക്കു രണ്ടു ദിവസം താമസിച്ചു ദർശനം നടത്താനുള്ള സൗകര്യമാണ് ഇപ്പോൾ കുറൂരമ്മ ഭവവനിൽ ഉള്ളത്. ഇത് വികസിപ്പിക്കാൻ ദേവസ്വം നടപടിയെടുക്കണമെന്ന് മന്ത്രി നിർദേശം നൽകി.കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതോടെ സങ്കടങ്ങൾ പറയാനുള്ള കേന്ദ്രങ്ങളായി ആരാധനാലയങ്ങൾ മാറി.ഇവിടെ വരുന്നവർക്ക് സൗകര്യം ഒരുക്കാനുള്ള ബാധ്യത സർക്കാരിനാണെന്നും സർക്കാർ ക്ഷേത്രങ്ങളുടെ വികസനത്തിന് കോടികളാണ് ചിലവഴിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേവസ്വം ചെയർമാൻ എൻ.പീതാംബരകുറുപ്പ് അധ്യക്ഷത വഹിച്ചു.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്,കെ.കുഞ്ഞുണ്ണി,കെ.ഗോപിനാഥൻ,പി.കെ.സുധാകരൻ,സി.അശോകൻ,അഡ്മിനിസ്ട്രേറ്റർ എം.ബി.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ 629 ക്ഷേത്രങ്ങൾക്കായി മൂന്നുകോടിയും 38അനാഥാലങ്ങൾക്കായി 25ലക്ഷവുമാണ് ദേവസ്വം നൽകിയത്.