കംപ്യൂട്ടറുകൾക്കു ഭീഷണി ഉയർത്തി ഇടയ്ക്കിടെ എത്തുന്ന റാൻസംവേർ ആക്രമണങ്ങളെ കരുതിയിരിക്കണമെന്നു കേരള പോലീസ് ഹൈടെക് സെല്ലും സൈബർഡോമും മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ഡിസ്ട്രിക്ട് മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സർവറിലുണ്ടായ പുതിയ റാൻസംവേർ ആക്രമണത്തെ തുടർന്നാണ് ഈ മുന്നറിയിപ്പ്.
നിയമവിരുദ്ധമായ രീതിയിലൂടെ ഫണ്ട് ഓണ്‍ലൈനായി ശേഖരിക്കാൻ വികസിപ്പിച്ച workup<\ @>india.com ആണ് പുതിയ റാൻസംവേർ. AES, RSA എൻക്രിപ്ഷൻ അൽഗോരിതങ്ങളാണ് ഹാർഡ്ഡ്രൈവിനെ എൻക്രിപ്റ്റ് ചെയ്യുന്നതിനായി ഈ റാൻസം വേറിൽ ഉപയോഗിച്ചിട്ടുള്ളത്. തുടർന്ന് എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കീ വാങ്ങാൻ workup<\@>india. com ആവശ്യപ്പെടും.
ഈ റാൻസംവേർ സാധാരണയായി ജാവാസ്ക്രിപ്റ്റ് ടൂളുകൾ, എക്സ്പ്ലോയിറ്റ് കിറ്റുകൾ, സ്പാം ഇ-മെയിലുകൾ, വ്യാജ പോപ്-അപ്പുകൾ, സോഫ്റ്റ്വേർ അപ്ഡേറ്റുകൾ, ഷെയർവേർ, അശ്ലീല സൈറ്റുകൾ, ടോറന്റ് സൈറ്റുകൾ, വ്യാജ വെബ്സൈറ്റുകൾ എന്നിവയിലൂടെയാണ് വ്യാപിക്കുന്നത്. തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ സർവറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന അഡോബ് ഫ്ളാഷ് പ്ലെയർ പ്ലഗ് – ഇൻ അപ്ഡേറ്റിലൂടെയാണ് റാൻസംവെയർ ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേരള പോലീസിന്റെ സൈബർ വിംഗ് നടത്തിവരികയാണ്.
ഈ സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
1. പൈറേറ്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഒഴിവാക്കുക.
2. ഉപയോക്താവിന് അഡ്മിനിസ്ട്രേറ്റീവ് പദവി നൽകാതിരിക്കുക.
3. പ്രതിദിന പ്രവർത്തനങ്ങൾക്ക് ഒരു ഗസ്റ്റ് യൂസർ അധികാരം ഉപയോക്താവിന് നൽകുക. അഡ്മിനിസ്ട്രേറ്റീവിന് മാത്രം ആ സിസ്റ്റത്തിൽ എന്തെങ്കിലും തരത്തിലുള്ള ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള പദവി നൽകുക.
4. നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്വേറും അപ്ഡേറ്റ് ചെയ്ത് നിലനിർത്തുക.
5. ആന്റിവൈറസുകളുടെ ഉപയോഗവും ലോഗ് ഫയലുകളുടെ വിശകലനവും ഭാവിയിൽ അത്തരം വൈറസ് ആക്രമണങ്ങൾ തടയാൻ സഹായിക്കും.
6. ഇന്റർനെറ്റ് ഉപയോഗ നയവും സിസ്റ്റം പോളിസിയും പാലിക്കേണ്ടതാണ്.
കൂടാതെ യുഎസ്ബി പോർട്ടുകൾ ഡിസേബിൾ ചെയ്യുക. ബയോസ് പാസ്വേഡ് സെറ്റ് ചെയ്യുക, 3-2-1 സ്കീമിൽ സിസ്റ്റം ഫയലുകൾ ബാക്ക് അപ് ചെയ്ത് ബാക്ക് അപ്പുകൾ പൂർണമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, വിൻഡോസ് ഫയർവാൾ ഓണാക്കുക, സംശയാസ്പദമായ ഇ-മെയിലുകളും അറ്റാച്ച്മെന്റുകളും തുറക്കാതിരിക്കുക, നെറ്റ്വർക്ക് ഉറവിടങ്ങളിലേക്ക് ആക്സസ് നിയന്ത്രിക്കുക, അനാവശ്യമായ പോർട്ടുകൾ തടയുകയും അനാവശ്യ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്യുക, കോർ ഓപ്പറേഷണൽ സിസ്റ്റങ്ങൾ പ്രവർത്തിക്കുന്ന നെറ്റ്വർക്ക് മറ്റ് നെറ്റ്വർക്കുകളിൽ നിന്നും വേർതിരിക്കുക, ഫയൽ എക്സ്റ്റൻഷനുകൾ കാണിക്കാൻ വിൻഡോകൾ കോണ്‍ഫിഗർ ചെയ്യുക, റിമോട്ട് ഡെസ്ക്ടോപ്പ് പ്രോട്ടോക്കോൾ പ്രവർത്തനരഹിതമാക്കുക, മാക്രോകൾ ഡിസേബിൾ ചെയ്യുക, ബ്രൗസറിൽ ഒരു AdBlocker ഇൻസ്റ്റാൾ ചെയ്യുക, തുടങ്ങിയവയും ഇത്തരം റാൻസംവെയറുകളുടെ ആക്രമണം തടയാൻ ആവശ്യമായ മുൻകരുതലുകളാണ്.