കഴിഞ്ഞ ദിവസം ഓസ്ട്രേലിയയുടെ തീരപ്രദേശത്തുനിന്ന് കണ്ടെത്തിയ അപൂർവ ഇനം ചിലന്തിക്ക് സംഗീത ഇതിഹാസം ബോബ് മാർലിയുടെ പേര് നൽകി. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് മ്യൂസിയത്തിലെ ഡോക്ടർ ബാർബറ ബേറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടലിൽ കഴിയുന്ന അപൂർവ ഇനം ചിലന്തിയെ കണ്ടെത്തിയത്. ബോബ് മാർലിയുടെ പ്രശസ്തഗാനമായ ഹൈ ടൈഡ് ലോ ടൈഡ് എന്ന ഗാനത്തിന്റെ സ്മാരകമായാണ് ചിലന്തിക്ക് ഈ പേര് നൽകിയത്.
കടലിനടിയിൽ താമസിക്കുന്ന ചിലന്തികൾ അപൂർവമായി മാത്രമേ ലോകത്തുള്ളു. ശരീരത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന നേർത്തനൂലുകൾക്കൊണ്ടുണ്ടാക്കിയ കവചത്തിനുള്ളിലാണ് ഈ ചിലന്തികൾ വെള്ളത്തിനടിയിൽ കഴിയുന്നത്. തീരപ്രദേശത്തോട് ചേർന്നുള്ള പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ചെറുപ്രാണികളാണ് ഇവയുടെ ഭക്ഷണം. ഈ വർഗത്തിൽപ്പെട്ട പെണ് ചിലന്തികൾക്ക് ആണ് ചിലന്തികളേക്കാൾ വലുപ്പം കൂടുതലാണ്. ചുവപ്പും ബ്രൗണും ചേർന്ന ഒരു നിറമാണ് ഇവയ്ക്ക്.