ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നതിനു പുറമേ രോഗികൾ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുന്പോൾ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്.
തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചർമരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലർത്തുന്ന രോഗമാണ്. ചിലപ്പോൾ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി ഒരു ചർമരോഗവിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ താരൻ മാറാൻ ഉള്ളിൽ ഗുളിക കഴിക്കേണ്ടി വന്നേക്കാം.
പേൻ, ചുണങ്ങ്, സ്കാബീസ് എന്നീ രോഗങ്ങൾക്ക് ലോഷനുകൾ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പേൻ നിവാരണി ഉണങ്ങിയ മുടിയിൽ മാത്രമേ പുരട്ടാവൂ. കൂടാതെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റെങ്കിലും മരുന്ന് മുടിയിൽ കിടന്നതിനുശേഷം മാത്രമേ കഴുകിക്കളയാവൂ. തലയോട്ടിയിൽ ചിലപ്പൊഴെങ്കിലും പേൻബാധമൂലം അണുബാധയുണ്ടായേക്കാം.
അത്തരം അവസരങ്ങളിൽ അണുബാധ പൂർണമായും ചികിത്സിച്ച് ഭേദമാക്കിയശേഷം ലോഷൻ തലയിൽ പുലട്ടുക. ലോഷൻ ഉപയോഗിക്കുന്പോൾ പേൻ പൂർണമമായും നശിക്കുന്നു. ചത്ത പേനുകളെ ഒരു ചീപ്പുപയോഗിച്ച് പൂർണമായും തലയിൽനിന്ന് മാറ്റണം. അല്ലെങ്കിൽ തലയോട്ടിയിൽ അലർജിക്ക് കാരണമായേക്കാം.
ചുണങ്ങിന് ദേഹത്ത് ലോഷനുകൾ ഉപയോഗിക്കുന്പോൾ മൂന്ന് മിനിട്ട് സമയത്തിനുശേഷം കുളിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ സമയം ശരീരത്തിൽ മരുന്ന് പുരട്ടുന്നത് ചിലപ്പോഴെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.
സെലീനിയം സൾഫൈഡ് അടങ്ങിയ ലേപനങ്ങളും ഷാംപൂകളും ചുണങ്ങ്, താരൻ, സെബോറിക്, ഡെർമറ്റൈറ്റിസ് മുതലായ അസുഖങ്ങൾക്കുപയോഗിക്കാറുണ്ട്. ഇവ ദീർഘകാലം ഉപയോഗിക്കുന്നത് തലയിൽ പൊറ്റകളുണ്ടാകുന്നതിന് കാരണമാവുന്നുണ്ട്. അതോടൊപ്പം ആ ഭാഗത്തുനിന്ന് മുടിയും നഷ്ടപ്പെട്ടേക്കാം. കൂടാതെ ഷാംപൂ ഉപയോഗിക്കുന്പോൾ സ്വർണാഭരണങ്ങൾ അഴിച്ചുമാറ്റാൻ ശ്രദ്ധിക്കണം. ചിലപ്പൊഴെങ്കിലും സ്വർണാഭരണത്തിന്റെ നിറ വ്യത്യാസത്തിന് കാരണമായേക്കാം.
ചർമരോഗ വിദഗ്ധർക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് പലതരം സോപ്പുകൾ. മുഖക്കുരു, വിവിധതരം ഫംഗസ് മൂലമുള്ള ചർമരോഗങ്ങൾ, വരണ്ട ചർമം, കരിമംഗല്യം, അമിത വിയർപ്പ് മുതലായവയ്ക്കെല്ലാം വിവിധതരം സോപ്പുകൾ ചർമരോഗവിദഗ്ധർ നിർദേശിക്കാറുണ്ട്. ലേപനങ്ങൾ, ഗുളികകൾ എന്നിവയോടൊപ്പം ഇവയ്ക്കും ചികിത്സയിൽ വ്യക്തമായ പങ്ക് നിർവഹിക്കാനുണ്ട്. അതുകൊണ്ടുതന്നെ അവ ഡോക്ടർമാർ നിർദേശിക്കുന്നതത്രെയും കാലം ഉപയോഗിക്കുക.
ട്രിപ്പിൾ കോന്പിനേഷനുകൾ
മരുന്നു കടകളിൽ ഏറ്റവും കൂടുതൽ ലഭ്യമായിട്ടുള്ള ലേപനങ്ങളിൽ ഒന്നാണ് ട്രിപ്പിൾ കോന്പിനേഷനുകൾ. സ്റ്റിറോയ്ഡ്, ആന്റീബയോട്ടിക്, ആന്റീഫംഗൽ എന്നീ ഘടകങ്ങൾ ചേർന്ന ലേപനങ്ങളാണ് ഇവ. പലപ്പോഴും രോഗികൾ രോഗനിർണയത്തിനോ ചികിത്സയ്ക്കോ വിധേയരാവാതെ സ്വയമേവ ഇവ ഉപയോഗിക്കാറുണ്ട്. സ്റ്റിറോയ്ഡ് ലേപനങ്ങൾ ഗുണം ചെയ്യുന്ന ’എക്സിമ’ വിഭാഗത്തിൽപ്പെട്ട ചർമ രോഗികൾക്ക് ഇവ ഗുണം ചെയ്തേക്കാം. എന്നാൽ, ബാക്ടീരിയകൾ മൂലമുള്ള ചർമരോഗങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അവ കൂടാനും ഇടയുണ്ട്.
ഫംഗസ് ബാധമൂലമുള്ള അസുഖങ്ങൾക്ക് തുടക്കത്തിൽ ഗുണം ലഭിക്കുമെങ്കിലും രോഗികൾ ഇവ തുടർച്ചയായി ഉപയോഗിക്കുന്പോൾ അവയിലടങ്ങിയിരിക്കുന്ന സ്റ്റിറോയ്ഡിന്റെ ഘടകം പൂപ്പലിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും അതുവഴി രോഗം മാറാത്ത അവസ്ഥയിലേക്കെത്തുന്നതിനും വഴി വെച്ചേക്കാം. മറ്റേത് രോഗത്തിനും കൊടുക്കുന്ന പ്രാധാന്യം ചർമരോഗത്തിനും കൊടുക്കുന്നതാണ് ഉചിതം. അതുകൊണ്ടുതന്നെ രോഗനിർണയം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സ്വയം ചികിത്സ അപകടം വിളിച്ചുവരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
സണ്‍ സ്ക്രീനുകൾ ഉപയോഗിക്കുന്പോൾ
സിസ്റ്റമിക് ല്യൂപെസ് എറിതിമറ്റോസിസ്, ഫോട്ടോ ഡർമറ്റൈറ്റിസ് മുതലായ നിരവധി രോഗങ്ങൾക്ക് സണ്‍ സ്ക്രീനുകൾ നിർദേശിക്കാറുണ്ട്. വെയിലത്തിറങ്ങുന്പോൾ ചർമം കരുവാളിക്കാതിരിക്കാൻ പലപ്പോഴും സ്തീകൾ ഫാൻസി കടകളിൽനിന്നോ മരുന്നുകടകളിൽനിന്നോ സണ്‍ സ്ക്രീനുകൾ അടങ്ങിയ ലേപനങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ട്.
ചില സണ്സ്ക്രീകീനുകൾ മുഖത്ത് അലർജിയുണ്ടാക്കുന്നതിനും, മുഖക്കുരു വല്ലാതെ കൂടുന്നതിനും കാരണമാകാറുണ്ട്. മുഖത്തെ എണ്ണമയം വല്ലാതെ കൂട്ടുന്നതാണ് ചില സണ്‍ സ്ക്രീനുകൾ. അതുകൊണ്ടുതന്നെ സണ്‍ സ്ക്രീനുകൾ ഉപയോഗിക്കുന്പോൾ അല്പം ശ്രദ്ധ പുലർത്തുന്നതാണ് നല്ലത്.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോണ്‍: 04972 727828