കൊച്ചി: കളിക്കു മുമ്പുള്ള വീമ്പു പറച്ചിലുകള്‍ക്കല്ല, കളത്തില്‍ പുറത്തെടുക്കുന്ന ശൗര്യത്തിനു മാത്രമേ വിജയം നേടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന പാഠം കേരള ബ്ലാസ്റ്റേഴ്സിനു ബംഗളൂരു പഠിപ്പിച്ചു നല്കി. കലിപ്പടക്കാനുള്ള വരവിനെ ക്ലാസ് നിറഞ്ഞ കളിയിലൂടെ കൊച്ചിയില്‍ നീലപ്പട മുക്കിയത് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക്.
പുതുവര്‍ഷം ആഘോഷിക്കാന്‍ കൊച്ചിയിലെത്തിയ മുപ്പത്തി അയ്യായിരത്തോളം വരുന്ന കാണികള്‍ക്കു കണ്ണീരണിഞ്ഞ മടക്കം. ബംഗളൂരുവിനു വേണ്ടി മിക്കു ഇരട്ട ഗോളുകള്‍ പേരിലെഴുതിയപ്പോള്‍ നായകന് സുനില്‍ ഛേത്രിയും ഗോള്പ്പടികയില് ഇടം നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ കറേജ് പെക്കൂസണ് സ്വന്തമാക്കി.
ആരാധകരെയും ഒപ്പം ബംഗളുരുവിനെയും ഞെട്ടിക്കുന്ന രീതിയിലാണു പരിശീലകന് റെനി മ്യൂലന്സ്റ്റിന് ടീമിനെ അണിനിരത്തിയത്. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ പോള്‍ റെചുബ്കയ്ക്കു പകരം മുന്‍ എടികെ താരം സുബാഷിഷ് റോയ് ആദ്യമായി കാവല്‍ക്കാരനായി കളത്തിലിറങ്ങി. റിനോ ആന്റോയ്ക്കു പകരം സാമുവേല്‍ ശദബും സി.കെ. വിനീതിനു പകരം ഇയാന്‍ ഹ്യൂമും നീലപ്പടയെ നേരിടാനായിറങ്ങി. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്സിയോട് അവസാന മിനിറ്റില്‍ പെനാല്‍റ്റി വഴങ്ങി തോല്‍വി രുചിച്ചെങ്കിലും അതേ ടീമിനെതന്നെ ആല്‍ബര്‍ട്ട് റോക്ക മഞ്ഞപ്പടയെ എതിരിടാനും നിയോഗിച്ചു.
ബംഗളൂരു മാജിക്
ആരവത്തിനൊപ്പം കുതിക്കാന്‍ ബ്ലാസ്റ്റേഴ്സ് ആദ്യ നിമിഷങ്ങളില്‍ ഹ്യൂമിലൂടെ രണ്ടു മുന്നേറ്റങ്ങള്‍ മെനഞ്ഞെങ്കിലും ലോംഗ് ബോളുകളിലൂടെ ശ്രദ്ധേയ നീക്കങ്ങള്‍ നടത്തിയതു ബംഗളൂരുവാണ്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ജുവനാന്റെ ലോംഗ് ബോള്‍ നായകന് സുനില്‍ ഛേത്രിക്കു ലഭിച്ചെങ്കിലും വേഗം നിയന്ത്രിക്കാനായില്ല. തൊട്ടു പിന്നാലെ നാലാം മിനിറ്റില്‍ എഡു ഗാര്‍സിയ എടുത്ത ഫ്രീകിക്കില്‍ മിക്കു തൊടുത്ത ഹെഡര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സുബാഷിഷ് റോയുടെ കൈകളില്‍ ഒതുങ്ങി.
നിശബ്ദമകാന് തുടങ്ങിയ ഗാലറിയെ ത്രസിപ്പിച്ചതു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണ്‍ നല്കിയ മനോഹരമായ പാസാണ്. ബോക്സിനുള്ളില്‍ കാത്തു നില്‍ക്കുകയായിരുന്ന സിഫ്നിയോസിന്റെ കാല്‍പ്പാകത്തിനു ബ്രൗണ്‍ പന്തെത്തിച്ചെങ്കിലും സുവര്‍ണാവസരം ഹോളണ്ട് താരം പാഴാക്കി. അത്രയും നേരം ബംഗളൂരുവിന്റെ വരുതിയിലായിരുന്ന കളിയില്‍ അതോടെ ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിത്തുടങ്ങി. 30-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പെക്കൂസണ് ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം കാണാനായില്ല.
ബ്ലാസ്റ്റേഴ്സ് താരങ്ങളെ തന്റെ കാലില്‍ കോര്‍ത്ത പന്തുമായി പിന്നിലാക്കി 35-ാം മിനിറ്റില്‍ ഛേത്രി കുതിച്ചെത്തിയെങ്കിലും കരുത്തുറ്റ ഷോട്ടിനെ സുബാഷിഷ് റോയ് ഒരുവിധം തട്ടിയകറ്റി. സ്റ്റേഡിയത്തെ മുഴുവന്‍ ഒരുനിമിഷത്തേക്കു സ്തബ്ദരാക്കി ഈ നീക്കത്തിനു ശേഷവും ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ക്കു വിശ്രമിക്കാന്‍ സമയമുണ്ടായിരുന്നില്ല.
ഹാന്‍ഡ് ബോള്‍ ശാപം
രണ്ടാം പകുതിയിലും കാര്യങ്ങളില്‍ വലിയ വ്യത്യാസം ഒന്നുമുണ്ടായില്ല. ബംഗളൂരു മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തു തീപടര്ത്തിക്കൊണ്ടിരുന്നു. അവസരം കിട്ടുമ്പോള്‍ മഞ്ഞപ്പടയും നീക്കങ്ങള്‍ മെനഞ്ഞെങ്കിലും ബംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗിനു വെല്ലുവിളി ഉയര്‍ത്തുന്നതില്‍ പെക്കൂസണും സിഫ്നിയോസുമെല്ലാം പരാജയപ്പെട്ടു. 52-ാം മിനിറ്റില്‍ സുബാഷിഷ് വീണ്ടും രക്ഷകനായി. വലതു വിംഗില്നിന്നു ലഭിച്ച ക്രോസില്‍ ഛേത്രി തലവച്ചെങ്കിലും തന്റെ ക്ലാസ് വെളിവാക്കുന്ന ഡൈവിലൂടെ കോല്‍ക്കത്തയില്‍നിന്നുള്ള സുബാഷിഷ് തട്ടിയകറ്റി.
കലിതുള്ളിയ ഗാലറിയുടെ ശബ്ദങ്ങളെ ബംഗളൂരു സുന്ദരമായ കളിയിലൂടെ അപ്രസക്തമാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരുവിധം പിടിച്ചുനിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വീണ്ടും ശനിദശ ഹാന്‍ഡ് ബോളിന്റെ രൂപത്തിലാണു പിടികൂടിയത്. 58-ാം മിനിറ്റില്‍ മൈതാന മധ്യത്തിനു സമീപത്തുനിന്നു ഛേത്രി നടത്തിയ കുതിപ്പിനൊടുവില്‍ ബോക്സിനുള്ളില്‍ ഗാര്‍സിയയ്ക്കു പന്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്ദേശ് ജിങ്കന്റെ കൈയില്‍ പന്തു തട്ടി. കിക്കെടുത്ത ഛേത്രിക്കു പിഴച്ചില്ല. തിങ്ങിനിറഞ്ഞ ഗാലറിയുടെ ഹൃദയം തകര്‍ത്തു പന്തു വലയില്‍.
ചെന്നൈയിനെതിരേ അവസാന നിമിഷം നേടിയതു പോലുള്ള ഗോള്‍ പിറക്കുമെന്ന വിശ്വാസത്തില്‍ ആരാധകക്കൂട്ടം പിന്നെയും ആര്‍ത്തു വിളിച്ചെങ്കിലും കളി ഛേത്രിയും സംഘവുംതന്നെയാണു നിയന്ത്രിച്ചത്. എങ്ങനെയും ഗോള്‍ നേടുന്നതിനായി വെസ് ബ്രൗണിനെ പിന്നോട്ടിറക്കി സന്ദേശ് ജിങ്കന് മുന്നിലേക്കു കയറി കളിക്കാന്‍ തുടങ്ങി. മഞ്ഞപ്പടയുടെ ഒമ്പതു താരങ്ങളാണ് ഒരു സമയം ബംഗളൂരു ഗോള്‍ മുഖത്തു വട്ടമിട്ടു പറന്നത്.
അടിയേറ്റു വീണു
എല്ലാം മറന്നുള്ള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം ബംഗളൂരുവിന്റെ രണ്ടാം ഗോളിലാണു കലാശിച്ചത്. ആക്രമണം നടത്തുന്നതിനിടയില്‍ പന്തു നഷ്ടമാക്കിയതാണു ബ്ലാസ്റ്റേഴ്സിനു വിനയായത്. ഒറ്റയ്ക്കു മുന്നേറിയെത്തിയ മിക്കുവിനെ തടുക്കാന്‍ പകരക്കാരന് ഗോള്‍ കീപ്പര്‍ പോള്‍ റെചുബ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബംഗളൂരു രണ്ടു ഗോളുകള്‍ക്കു മുന്നില്‍.
അധിക സമയത്തിനു പിന്നെയും ആയുസ് ബാക്കിയുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ നിരാശ മുതലാക്കി വീണ്ടും നീലപ്പട റെചുബ്കയെ കീഴടക്കി.
ഇടതു വിംഗില്‍ സുബാഷിഷ് ബോസിന്റെ ക്രോസില്‍നിന്നു മിക്കു തന്നെ വീണ്ടും ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിന്റെ മടയില്‍ അവസാന ആണിയുമടിച്ചു. ലീഗില്‍ മിക്കുവിന്റെ എട്ടാം ഗോളാണു അവസാന മിനിറ്റില്‍ പിറന്നത്. ഇതോടെ ഗാലറി ശൂന്യമാകാന്‍ തുടങ്ങിയ സമയത്താണു പെക്കൂസണ് മഞ്ഞപ്പടയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഒറ്റയ്ക്കു മുന്നേറി ബംഗളൂരുവിന്റെ താരങ്ങളെ വെട്ടിച്ചു ബോക്സിനുള്ളില്‍ കയറിയ പെക്കൂസണ് ഗുര്‍പ്രീത് സിംഗിനെയും മറികടന്നു. ഇതോടെ കളിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങി. നിറഞ്ഞ പിന്തുണയും ഹൃദയം പകുത്തു നല്കിയ സ്നേഹത്തിനും പകരം വിജയം കൊണ്ടുള്ള പുതുവര്‍ഷ സമ്മാനം നല്കാന് കഴിയാതെ വീണ്ടുമൊരിക്കല്‍ കൂടി തലകുനിച്ചു മഞ്ഞപ്പട തിരിച്ചു കയറി. 15 പോയിന്റോടെ ബംഗളൂരു മൂന്നാം സ്ഥാനത്തേക്കു കയറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
ബിബിൻ ബാബു
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ചെന്നൈയിൻ 8 5 1 2 16പൂന 8 5 0 3 15ബംഗളൂരു 8 5 0 3 15മുംബൈ 8 4 1 3 13ഗോവ 6 4 0 2 12ജംഷഡ്പുർ 7 2 3 2 9എടികെ 6 2 2 2 8കേരള ബ്ലാസ്റ്റേഴ്സ് 7 1 4 2 7നോർത്ത് ഈസ്റ്റ് 7 1 1 5 4ഡൽഹി 7 1 0 6 3