കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം മറ്റാരെയെങ്കിലും ഏൽപിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാനനില തകർന്നു. വ്യാപകമായ അക്രമവും കൊലപാതകവും നടക്കുന്പോഴും പോലീസ് നോക്കുകുത്തി. 32 വകുപ്പുകളാണു കേരളത്തിന്റെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. ഇത്രയും വകുപ്പുകൾ എങ്ങനെ ഒരു മുഖ്യമന്ത്രിക്കു നിയന്ത്രിക്കാൻ കഴിയും?- എറണാകുളം ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
കണ്ണൂരിൽ ക്രൂരമായ ആക്രമണങ്ങളാണു നടക്കുന്നത്. നാലു ദിവസത്തിനിടെ 15 പേരെ കണ്ണൂരിൽ വെട്ടിവീഴ്ത്തി. രണ്ടാഴ്ചയ്ക്കിടെ രാഷ്ട്രീയ അക്രമങ്ങളിൽ 28 പേരാണ് ജീവച്ഛവങ്ങളായത്. ഇടതു സർക്കാർ വന്ന ശേഷം 20 രാഷ്ട്രീയ കൊലപാതകം നടന്നു.
ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവമാണു രാഷ്ട്രീയ അക്രമം പെരുകാൻ കാരണം. മികച്ച പോലീസ് സേനയാണു നമുക്കുള്ളതെങ്കിലും അതു ഫലപ്രദമായി വിനിയോഗിക്കാൻ സർക്കാരിനു കഴിയുന്നില്ല. അക്രമങ്ങളിൽ ഡമ്മി പ്രതികളെയാണു പോലീസ് പിടിക്കുന്നത്.
കൊള്ളയും കവർച്ചയും കൂടിയിട്ടും പോലീസ് അനങ്ങുന്നില്ല. എറണാകുളത്ത് രണ്ടു വലിയ കവർച്ച നടന്നിട്ടും പ്രതികളെ പിടികൂടാനായില്ല. സർക്കാരിന്റെ അനാവശ്യ ധൂർത്തും കെടുകാര്യസ്ഥതയും ജിഎസ്ടിയുമാണു സാന്പത്തിക പ്രതിസന്ധിക്കു കാരണമെന്നും അദ്ദേഹം ആരോപിച്ചു. പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, ഹൈബി ഈഡൻ എംഎൽഎ, ജിസിഡിഎ മുൻ ചെയർമാൻ എൻ. വേണുഗോപാൽ എന്നിവരും പങ്കെടുത്തു.