ബാലരാമപുരം: പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. റസൽപുരം സ്വദേശി കരുണാകരന്റെ മകൻ അരുണ്‍ജിത്ത് എന്ന പിങ്കു (32) ആണ് മരിച്ചത്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. പാറക്കുഴി സെറ്റിൽമെന്റ് കോളനിക്കു സമീപം നടന്ന ആഘോഷത്തിനിടയിലായിരുന്നു തലയ്ക്കടിയേറ്റത്. ഉച്ചഭാഷണിയിൽ പാട്ടിട്ട് നൃത്തം ചെയ്ത സംഘവുമായി പിങ്കുവും സുഹൃത്തുക്കളും വാക്കേറ്റമുണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. കരിങ്കല്ലുകൊണ്ട് തലയ്ക്കടിയേറ്റ് രക്തം വാർന്ന് സംഭവസ്ഥലത്തുവച്ചുതന്നെ പിങ്കു മരിച്ചു. പിങ്കുവിന്റെ സുഹൃത്തുക്കളായ അഭിലാഷ്, അനീഷ് എന്നിവർക്കും പരിക്കുണ്ട്.
കോളനിയിൽ താമസിക്കുന്ന പ്രസാദ്, അജയൻ എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിങ്കുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പിങ്കുവും സുഹൃത്തുക്കളും വന്ന ബൈക്ക് സംഭവസ്ഥലത്ത് തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രസാദ്, അജയൻ എന്നിവരുൾപ്പെടെ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
പത്തനംതിട്ട: പുതുവർഷ രാത്രിയിൽ പത്തനംതിട്ട നഗരമധ്യത്തിൽ കൊലപാതകം. 65 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. മിനി സിവിൽ സ്റ്റേഷനു പിന്നിൽ എവിഎസ് എന്റർപ്രൈസസ് സ്ഥാപനത്തിന്റെ വരാന്തയിലാണ് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ മൃതദേഹം കണ്ടത്.
കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റാണ് മരണമെന്നു കരുതുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹത്തിനരികിൽ നിന്ന് വലിയ പാറക്കല്ലും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി. ഇന്നുരാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്.
ഇന്നലെ രാത്രിയിൽ കടത്തിണ്ണയിൽ ഇരുന്നു മദ്യപിച്ചശേഷം ഒപ്പമുണ്ടായിരുന്നവരുമായി വാക്കുതർക്കം നടന്നിരുന്നതായി പറയുന്നു. തുടർന്നാകണം കൊലപാതകമെന്നു കരുതുന്നു. മുഷിഞ്ഞ കൈലിയും ഷർട്ടുമാണ് വേഷം.
പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്കു നീക്കി.
പുതുവത്സരാഘോഷം: രണ്ടുപേർക്ക് കുത്തേറ്റു, കൊല്ലകടവിൽ ഹർത്താൽ
ചെങ്ങന്നൂർ: കൊല്ലകടവിൽ പുതുവത്സര ആഘോഷത്തിനിടെ രണ്ടു പേർക്ക് കുത്തേറ്റു.പ്രദേശത്ത് മുസ്ലിം ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കട കന്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ് . കൊല്ലകടവ് പള്ളത്ത് വീട്ടിൽ ബിജു (49), കൊല്ലകടവ് കിഴക്കേവീട്ടിൽ ഷാനി (അനസ് (44) എന്നിവർക്കാണ് കുത്തേറ്റത്.
ഇന്നലെ രാത്രി 12 മണിയോടെ കൊല്ലകടവ് നടന്ന പുതുവത്സര ആഘോഷത്തിനിടെയായിരുന്നു സംഭവം. വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാന്പ് ചെയ്യുകയാണ്. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരിച്ചാറയില്‍ മധ്യവയസ്കനെ വെട്ടിക്കൊന്നു
പോത്തന്‍കോട്: കണിയാപുരം കരിച്ചാറയില്‍ മധ്യവയസ്കനെ വെട്ടിക്കൊന്നു. കരിച്ചാറ ചെറുകായല്‍ക്കര എസ്.ആര്. ഭവനില്‍ രാജു(51) വാണ് കൊല്ലപ്പെട്ടത്. വെട്ടിയ പ്രതി കരിച്ചാറ ചെറുകായല്‍ക്കര തുഷാരയില്‍ പ്രമോജി(35) നെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വര്‍ഷം പ്രമോജിനെ വെട്ടിയ കേസില്‍ രാജു ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.
ഞായറാഴ്ച രാത്രി ഏഴോടെ രാജു ചെറുകായല്‍ക്കര റെയില്‍വേപാളത്തിന് സമീപത്തുവച്ച് വെട്ടുകത്തി ഉപയോഗിച്ച് പ്രമോജിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെട്ടു തടയാന്‍ ശ്രമിച്ച പ്രമോജിന്റെ വലത്തെ ചൂണ്ടു വിരല്‍ രണ്ടായി പിളര്‍ന്നു.
വെട്ടുകത്തി രാജുവില്‍ നിന്ന് പിടിച്ചു വാങ്ങി പ്രതി രാജുവിന്റെ തലയില്‍ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.