ഹരിപ്പാട്: ചേപ്പാട്ട് സി.പി.ഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിവിടുന്നു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി വിട്ട് പുറത്തുപോകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരക്കാത്ത പ്രവൃത്തികളാണ് സി.പി.ഐ നേതൃത്വം കാണിക്കുന്നതെന്നാണ് പുറത്തുപോകുന്നവർ പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ വിജയിപ്പിക്കാനായി കയ്യും മെയ്യും മറന്നു പ്രവർത്തിച്ച തങ്ങളെ ഇല്ലായ്മ ചെയ്യാനാണ് നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ആർ.കൃഷ്ണകുമാറിനെതിരെ ചേപ്പാട് ലോക്കൽ കമ്മിറ്റിയുടെ പേരിൽ പോസ്റ്റർ പ്രചരിച്ചിരുന്നു. നവംബർ 16ന് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ പാർട്ടിഫണ്ടിന്റെ വരവ് ചെലവു കണക്കുകൾ ഏകകണ്ഠമായി പാസാക്കിയതാണ്.
തുടർന്ന് നടന്ന ലോക്കൽ സമ്മേളനവും കണക്കുകൾ അംഗീകരിച്ചു. നിജസ്ഥിതി ഇതായിരിക്കെ വ്യക്തിഹത്യ നടത്താനാണ് പോസ്റ്റർ പ്രചരിച്ചിച്ചതെന്നാണ് കൃഷ്ണകുമാറിനെ അനുകൂലിക്കുന്നവർ പറയുന്നത്. പാർട്ടിക്കുളളിൽ ജനാധിപത്യ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും പ്രവർത്തനമികവ് നോക്കാതെ ഏറാം മൂളികളായവർക്കാണ് സ്ഥാനമാനങ്ങൾ നല്കുന്നതെന്നും വിടുന്നവർ ആരോപണം ഉന്നയിക്കുന്നു.