നിശാന്ത് ഘോഷ്
കണ്ണൂര്‍: സംസ്ഥാനതലത്തിലുള്ള സിപിഐ-സിപിഎം ശീതസമരത്തിന്റെ അലകൾ കണ്ണൂരിലേക്കും വ്യാപിക്കുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം തട്ടകമായ കണ്ണൂരിലെ പോലീസിനെയും ജില്ലാഭരണകൂടത്തെയുംവിമർശിച്ചുള്ള സിപിഐ ജില്ലാ സെക്രട്ടറ പി. സന്തോഷിന്റെ പ്രസ്താവന ഇതിനുള്ള തെളിവാണ്.
കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കാൻ ആത്മാർഥമായ ശ്രമങ്ങൾ പോലീസിൽ നിന്നും ജില്ലാഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാന ഭരണത്തിലെ രണ്ടാമത്തെ പാർട്ടിയായ സിപിഐ ഉന്നയിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വേണമെന്ന തലക്കെട്ടോടെയുള്ള പ്രസ്താവനയിലാണ് പോലീസിനെയും ഭരണ സംവിധാനത്തെയും വിമർശിച്ചിരിക്കുന്നത്.
ജില്ലയില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറുമ്പോഴും അക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനും ശാശ്വത സമാധാനം കൈവരിക്കുന്നതിനും പോലീസിന്റെ ഭാഗത്ത് നിന്നും കണ്ണിൽ പൊടിയിടുന്ന പ്രവർത്തനങ്ങളല്ല, ശക്തമായ നടപടിയാണ് ഉണ്ടാവേണ്ടതെന്ന് പി. സന്തോഷ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ആയുധനിർമാണവും സംഭരണവും നടക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പേരിനു മാത്രമാണ് നടക്കുന്നത്.
തുടരന്വേഷണങ്ങൾ ഉണ്ടാകുന്നില്ല. അക്രമവുമായി ബന്ധപ്പെട്ട രാഷട്രീയ വിഭാഗങ്ങളില്‍പെട്ട ഒരു കൂട്ടം ആളുകളും പോലീസും ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളുമില്ലാത്ത ഒരു കണ്ണൂര്‍ സാധ്യമാണ്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടത്. അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടികളെ മാത്രം വിളിച്ചുകൊണ്ടു പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന ലാഘവബുദ്ധിയാര്ന്ന സമീപനം ജില്ല ഭരണകൂടം തിരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ജില്ലയില്‍ കാലങ്ങളായി രാഷ്ട്രീയ സംഘര്‍ഷങ്ങളും അക്രമങ്ങളും നടക്കുന്ന കേന്ദ്രങ്ങള്‍ക്കു പുറമെ പുതിയ കേന്ദ്രങ്ങളിലുള്‍പ്പെടെ അക്രമങ്ങള്‍ വ്യാപിക്കുകയാണ്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെയും അക്രമങ്ങളില്‍ പങ്കെടുക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നവരെയും മാത്രമല്ല, രാഷ്ട്രീയ അനുഭാവം പ്രകടിപ്പിക്കുന്നവരെപ്പോലും അക്രമിക്കുന്ന നിലയിലേക്ക് ജില്ലയിലെ സ്ഥിതി മാറിയിരിക്കുകയണ്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിനെ മറികടക്കാനായി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നതിനാണ് ഇപ്പോള്‍ അക്രമിസംഘങ്ങള്‍ ശ്രദ്ധിക്കുന്നത്. മരിച്ച് ജീവിക്കുന്ന നിലയിലേക്ക് ഒരാളെ മാറ്റുന്ന തരത്തിലുള്ള മൃഗീയ അക്രമങ്ങള്‍ നടത്തുന്നത് പരിശീലനം സിദ്ധിച്ച സംഘങ്ങളാണെന്നത് ഉത്കണ്ഠാജനകമാണ്. 2018ല്‍ രാഷ്ട്രീയ അക്രമങ്ങളില്ലാത്ത കണ്ണൂരിനെ സൃഷ്ടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പാർട്ടി മുന്നിട്ടിറങ്ങുമെന്നും പ്രസ്താവനയിൽ പറയുന്നു.