മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറും ബൈക്കും കത്തിച്ചു. ഇന്ന് പുലർച്ചെ 1.30 നായിരുന്നു സംഭവം. തില്ലങ്കേരിയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തെ യൂത്ത് കോൺഗ്രസ് നേതാവും ജവഹർ ബാലജനവേദി മണ്ഡലം വൈസ് ചെയർമാനുമായ എം. ജിബിന്റെ വീട്ടിൽ നിർത്തിയിട്ട കാറും ബൈക്കുമാണ് കത്തിച്ചത്.
ശബ്ദം കേട്ട് വീട്ടുകാർ ഉണരുമ്പോഴേക്കും ബൈക്ക് പൂർണമായും കാർ ഭാഗികമായി കത്തി നശിക്കുകയും ചെയ്തു. സംഭവത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് പറയുന്നു. തികച്ചും സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ പറഞ്ഞു. മുഴക്കുന്ന് പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.