സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകരെ ഞെക്കിപ്പിഴിഞ്ഞ് ഒരുവര്‍ഷം കൊണ്ട് നേടിയത് 1771 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തിയ വകയിലാണ് ഭീമമായ തുക ബാങ്ക് പിരിച്ചെടുത്തത്. എസ്ബിടി അടക്കമുള്ള ബാങ്കുകളുടെ ലയനത്തിന് ശേഷം നടപ്പിലാക്കിയ തീരുമാനത്തിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിടി ഇത്രയും കോടി രൂപ നേട്ടമുണ്ടാക്കിയത്.
എസ്ബിഐയുടെ മൂന്നാം പാദത്തിലെ ലാഭത്തേക്കാള്‍ ഉയര്‍ന്നതാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാവുന്നത്. 1356 കോടിയായിരുന്നു 2017 ലെ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ലാഭം. ഇതിന് പുറമേ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസം കൊണ്ട് നേടിയ 3500 കോടിയില്‍ പരം രൂപയുടെ ലാഭത്തിന്റെ നേര്‍പകുതിയുമാണിത്.
ഇപ്പോള്‍ 42 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ് ബാങ്കിനുള്ളത്. ഇതില്‍ 13 കോടിയോളം വരുന്ന അക്കൗണ്ടുകള്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ ആരംഭിച്ച അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ നിന്ന് 97 കോടി രൂപ ലെവിയായി ഈടാക്കിയ പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്തുള്ളത്. 2017 ഏപ്രില്‍ ഒന്നിന് ശേഷമാണ് ലെവി ഈടാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.