ഇന്‍ഡോര്‍: വിദര്‍ഭയ്ക്കു രഞ്ജി ട്രോഫി കിരീടം. വിദര്‍ഭയുടെ കന്നി രഞ്ജി ട്രോഫിയാണ്. ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഡല്‍ഹിയെ ഒമ്പത് വിക്കറ്റിനു കീഴടക്കിയാണ് വിദര്‍ഭ ഇന്ത്യയുടെ പ്രധാന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ മുത്തമിട്ടത്.
ആദ്യ കിരീടം സ്വന്തമാക്കാന്‍ വിദര്‍ഭയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ വെറും 29 റണ്‍സിന്റെ ലക്ഷ്യമാണ് ഉണ്ടായിരുന്നത്. നായകന് ഫയസ് ഫസലിന്റ (2) വിക്കറ്റ് മാത്രം നഷ്ടമാക്കി വിദര്‍ഭ വിജയം 32 റൺസ് നേടി ലക്ഷ്യം മറികടന്നു. സഞ്ജയ് രാമസ്വാമി (9), വസീം ജാഫര്‍ (17) എന്നിവര്‍ പുറത്താകാതെ നിന്നു. മത്സരത്തിലാകെ എട്ട് വിക്കറ്റ് വീഴ്ത്തിയ രജ്നീഷ് ഗുര്‍ബാനിയാണ് മാന്‍ ഓഫ് ദ മാച്ച്.
അഞ്ചു ദിന മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ഡല്‍ഹിയെ ബാറ്റിംഗിനു വിടുകയായിരുന്നു. രജ്നീഷ് ഗുര്‍ബാനിയുടെ ഹാട്രിക് ഉള്‍പ്പെടെയുള്ള ആറു വിക്കറ്റ് പ്രകടനം ഡല്‍ഹിയെ 295ന് ഓള്‍ഔട്ടാക്കി. മറുപടിയില്‍ വിദര്‍ഭ 547 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കി. അക്ഷയ് വാഡ്കറുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് വിദര്‍ഭയെ വന്‍ സ്കോറിലെത്തിച്ചത്.
തലേന്നത്തെ ഏഴു വിക്കറ്റിന് 528 റണ്‍സില്‍ നാലാം ദിനം തുടങ്ങിയ വിദര്‍ഭയുടെ ശേഷിച്ച മൂന്നു വിക്കറ്റുകള്‍ രാവിലെതന്നെ ഡല്‍ഹി സ്വന്തമാക്കി. വെറും 19 റണ്‍സ് എടുക്കുമ്പോള്‍ മൂന്നു വിക്കറ്റും വീണു. ഡല്‍ഹി യുവ പേസര്‍ 36.3 ഓവര്‍ എറിഞ്ഞ് 135 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കി. തലേന്നത്തെ സ്കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാതെ വഡ്കര്‍ (133) പുറത്തായി.
കുല്വന്ത ഖജ്റോലിയയുടെ പന്തില്‍ നിതീഷ് റാണ ക്യാച്ചെടുക്കുകയായിരുന്നു. ഒരു ബൗളറുടെ കുറവിലാണ് ഡല്‍ഹി വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സില്‍ മുഴുവന്‍ പന്തെറിഞ്ഞത്. ഇടങ്കയ്യന്‍ സ്പിന്നര്‍ മനന്‍ ശര്‍മയ്ക്ക് മുട്ടിനേറ്റ പരിക്കാണ് പുറത്തിരുത്തിയത്. എന്നാല്‍ ഡല്‍ഹിയുടെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാന്‍ മനന്‍ ഇറങ്ങി. വിദര്‍ഭയ്ക്ക് 252 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമായി.
ഡല്‍ഹി രണ്ടാം ഇന്നിംഗ്സില്‍ 280ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിലും ധ്രുവ് ഷൊരേ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഷൊരേ (62), നിതീഷ് റാണ (64) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. 28 റണ്‍സിന്റെ ലീഡ് ഡല്‍ഹിക്ക്. വൈകുന്നേരത്തെ ഒരു മണിക്കൂറിലേറെ സമയവും ഒരു ദിവസം മുഴുവന്‍ ബാക്കിയിരിക്കേ വിദര്‍ഭയ്ക്ക് കന്നി കിരീടം സ്വന്തമാക്കാന്‍ വെറും 29 റണ്‍സിന്റെ ലക്ഷ്യം മാത്രം അത് അനായാസം വിദര്‍ഭ മറികടന്നു.
252 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഡല്‍ഹിക്ക് സ്കോര്‍ബോര്‍ഡില്‍ 32 റണ്‍സ് ഉള്ളപ്പോള്‍ ഓപ്പണര്‍ കുനാല്‍ ചന്ദേലയെ (9) നഷ്ടമായി.
ഡൽഹിക്കു കനത്ത അടി നല്‍കിക്കൊണ്ട് പരിചയസമ്പന്നനായ ഗൗതം ഗംഭീറിന്റെ വിക്കറ്റ് നഷ്ടമായി. ഗുര്‍ബാനിയുടെ പന്തില്‍ ഗംഭീര്‍ (36) വിക്കറ്റിനു മുന്നില്‍ കുരുങ്ങി. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഫോമിലാണ് ബാറ്റ് ചെയ്തത്. 37 പന്തില്‍നിന്നായിരുന്നു 36 റണ്‍സ്. ഇതില്‍ 32 റണ്‍സ് ബൗണ്ടറിലൂടെയായിരുന്നു. ഒന്നാം ഇന്നിംഗ്സിലെ സെഞ്ചൂറിയന്‍ ഷൊരേയും റാണയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 114 റണ്‍സാണ് പിറന്നത്.
രണ്ടാം സെഷനില്‍ ഇരുവരും അനായാസമായി വിദര്‍ഭയുടെ ബൗളര്‍മാരെ നേരിട്ടു. ഡല്‍ഹി സ്കോര്‍ 164ല്‍ എത്തിയപ്പോള്‍ ഷൊരേയെ നഷ്ടപ്പെട്ടു. ആദിത്യ സര്‍വാതെയുടെ പന്തില്‍ വഡ്കര്ക്കു ക്യാച്ച് നല്‍കിയാണ് ഷൊരേ (62) പുറത്താത്. വൈകാതെ റാണയും (64) വീണു. ഗുര്‍ബാനിയുടെ പന്തില്‍ വഡ്കര്ക്കു ക്യാച്ച്. ഒന്നാം ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറി നേടിയ ഹിമത്ത് സിംഗ് അക്കൗണ്ട് തുറക്കുംമുമ്പേ കൂടാരം കയറി. അക്ഷയ് വഖാരെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
അലസമായ ഷോട്ടിലൂടെ നായകന് ഋഷഭ് പന്ത് (32) സിദ്ധേഷ് നെരാലിന്റെ പന്തില്‍ അപൂര്‍വ് വങ്കാഡെയ്ക്കു ക്യാച്ച് നല്കി. ഇതോടെ ബാറ്റിംഗ് പൊളിഞ്ഞു. വിദര്‍ഭ ഇന്നിംഗ്സ് ജയം സ്വന്തമാക്കുമെന്നു തോന്നിയ അവസരത്തില്‍ വികാസ് മിശ്രയുടെ (34) പ്രകടനം ഡല്‍ഹിയെ ഇന്നിംഗ്സ് തോല്‍വിയില്‍നിന്നു കയറ്റി. സര്‍വാതെയുടെ പന്തില്‍ മിശ്രയെ വാഡ്കര് സ്റ്റംപ് ചെയ്യുകയായിരുന്നു. ആകാശ് സുധാന്‍ (18) മിശ്രയ്ക്കു ചെറിയ പിന്തുണ നല്കി. സുധാന്‍ സര്‍വാതെയുടെ പന്തില്‍ വങ്കാഡെയ്ക്കു ക്യാച്ച് നല്‍കുകയായിരുന്നു.
വഖാരെ നാലും സര്‍വാതെ മൂന്നും ഗുര്‍ബാനി രണ്ടു വിക്കറ്റും വീഴ്ത്തി.
29 റണ്‍സിന്റെ ലക്ഷ്യവുമായി കന്നി കിരീടത്തിലേക്കു ബാറ്റ് ചെയ്ത വിദര്‍ഭയ്ക്കു നായകന് ഫയ്സ് ഫസാലിനെ (2) തുടക്കത്തിലേ നഷ്ടമായി. ഖജ്റോലിയ എല്‍ബിഡബ്ല്യു ആക്കുകയായിരുന്നു. സഞ്ജയ് രാമസ്വാമിക്കൊപ്പം വസീം ജാഫര്‍ ചേര്‍ന്നു കൂടുതല്‍ നഷ്ടമൊന്നും വരുത്താതെ വിദര്‍ഭയെ കിരീടത്തിലേക്കു നയിച്ചു. അഞ്ചാം ഓവറിന്റെ അവസാന പന്തില്‍ ഫോര്‍ പായിച്ചയാണ് ജാഫര്‍ വിജയം കുറിച്ചത്. ഈ ഓവറില്‍ ജാഫറിന്റെ ബാറ്റില്‍നിന്ന് പന്ത് നാലു തവണ ബൗണ്ടറിയില്‍ തൊട്ടു.
വസീം ജാഫറിന്റെ ഒന്‍പതാം ഫൈനൽ
ഒമ്പത് രഞ്ജി ട്രോഫി ഫൈനലില്‍ കളിച്ച വസീം ജാഫര്‍ എല്ലാ ഫൈനലിലും ജയിച്ചു. മുംബൈയ്ക്കൊപ്പം എട്ട് രഞ്ജി കിരീടം വസീം ജാഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. 2015-16 സീസണിലാണ് മുന്‍ ഇന്ത്യന്‍ താരം മുംബൈ വിട്ട് വിദര്ഭയ്ക്കൊപ്പമെത്തിയത്. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയും ജാഫറിന്റെ പേരിരാണ്. 17568 റണ്‍സും 36 സെഞ്ചുറിയും മുന്‍ ഇന്ത്യന്‍ താരത്തിനു രഞ്ജിയിലുണ്ട്. 1996-97 സീസണിലാണ് ജാഫര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഫൈനലില്‍ രണ്ട് ഇന്നിംഗ്സിലും ജാഫര്‍ മികച്ച പ്രകടനം നടത്തി.