മുംബൈ: സാധാരണക്കാരുടെമേൽ കൂടുതൽ ഭാരം വരുത്തിവയ്ക്കുന്ന സാന്പത്തിക പരിഷ്കാരം വീണ്ടും. ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (എടിഎം) ഇടപാടുകൾക്ക് ഇന്റർ ബാങ്ക് ചാർജ് ആവശ്യപ്പെട്ട് ഓപ്പറേറ്റർമാർ രംഗത്തെത്തിയതാണ് സാധാരണക്കാരുടെമേൽ വീണ്ടും ഭാരമാകുന്നത്. കറൻസി റദ്ദാക്കൽ, പ്രവർത്തനച്ചെലവ് ഉയർന്നത്, ഇടപാടുകാരുടെ എണ്ണം കുറഞ്ഞത് എന്നിവ ചൂണ്ടിക്കാട്ടി സ്വകാര്യബാങ്കുകളുടെ എടിഎം ഓപ്പറേറ്റർമാരാണ് ഇന്റർ ബാങ്ക് ഇടപാടുകൾക്ക് ചാർജ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് ഇപ്പോൾ നാഷണൽ പേമെന്റ് കോർപറേഷന്റെ (എൻപിസിഐ) പരിഗണനയിലാണ്.
ഒരു ബാങ്കിന്റെ എടിഎമ്മിൽന്ന് മറ്റൊരു ബാങ്കിന്റെ ഉപയോക്താവ് പണമെടുക്കുന്നതിനാണ് ഇന്റർ ബാങ്ക് സർവീസ് എന്നു പറയുന്നത്. ഇത് ചെറിയ എടിഎം നെറ്റ്വർക്കുള്ള ബാങ്കുകളുടെ ചെലവുയർത്താൻ കാരണമാകുന്നുവെന്നാണ് ഇപ്പോഴത്തെ വാദം.
സ്വകാര്യമേഖലാ ബാങ്കുകൾ ആവശ്യം ഉന്നയിച്ചെങ്കിലും പൊതുമേഖലാ ബാങ്കുകൾക്ക് എടിഎം ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നതിനോടു താത്പര്യമില്ല. ഇപ്പോഴുള്ള ചാർജ്തന്നെ അധികമാണ് വീണ്ടും വർധിപ്പിച്ചാൽ നഷ്ടത്തിലേക്കേ നീങ്ങൂ എന്നാണ് പൊതുമേഖലാ ബാങ്കുകളുടെ നിലപാട്.
കറൻസി റദ്ദാക്കലിനു ശേഷം ഡിജിറ്റൽ ഇടപാടുകളുടെ തോത് ഉയർന്നു. അതോടൊപ്പം എടിഎം ഉപയോഗം താഴേക്കു പോയി. പല പ്രധാന ബാങ്കുകളും എടിഎമ്മുകളുടെ എണ്ണം ഇപ്പോൾ കുറച്ചുവരികയാണ്. കൂടാതെ സെക്യൂരിറ്റി ഗാർഡുമാരുടെ അടിസ്ഥാനശന്പളം ഇപ്പോൾ ഉയർന്നു. എന്നാൽ, ഇന്റർ ബാങ്ക് ചാർജുകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഇതിനൊരു മാറ്റം വരുത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.