കോട്ടയം: പാന്പാടി വെള്ളൂരിൽ പള്ളി കുത്തിത്തുറന്ന് വൻ മോഷണം. ഒന്നര രക്ഷത്തിലധികം രൂപയും സ്വർണ മിന്നുകളും മോഷണം പോയി.വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലാണ് കവർച്ച നടന്നത്. പള്ളി ഓഫീസിന്റെ താഴ് തകർത്ത് അകത്തു കടന്ന മോഷ്ടാവ് ട്രസ്റ്റിയുടെ അടുത്ത് സ്ഥാപിച്ചിരുന്ന സേഫിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കവർന്നു. ഇതിൽ പെരുന്നാൾ പ്രമാണിച്ച് അത്യാവശ്യ ചെലവുകൾക്ക് സൂക്ഷിച്ചിരു്ന 85,515 രൂപയും ചാരിറ്റി ഫണ്ടായ 9,200 രൂപയും ഉൾപ്പെടുന്നു.
സേഫിൽ സൂക്ഷിച്ചിരുന്ന സ്വർണ മിന്നുകളും കവർച്ച ചെയ്തു. ഇത് 10 എണ്ണം ഉണ്ടായിരുന്നു. സേഫിന്റെ താഴ് തകർത്താണ് പണം കവർച്ച ചെയ്തത്. സേഫിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് പള്ളി തുറന്ന് പള്ളിക്കുള്ളിൽ പ്രവേശിച്ചു. പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന രണ്ടു വലിയ ഭണ്ഡാരങ്ങൾ താക്കോൽ ഉപയോഗിച്ച് തുറന്ന് പണം എടുത്ത ശേഷം അതേ പടി പൂട്ടി. പിന്നീട് പള്ളിയും പൂട്ടിയാണ് കള്ളൻ മടങ്ങിയത്. ട്രസ്റ്റിയുടെയും സെക്രട്ടറിയുടെയും അലമാരകൾ ഒന്നും തുറന്നിട്ടില്ല.
കവർച്ചകൾക്കു ശേഷം താക്കോൾ ഭദ്രമായി സേഫിൽ വച്ചു. താക്കോൽ ഇരുന്ന പാത്രത്തിൽ വെള്ളമൊഴിച്ച് തെളിവ് നശിപ്പിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. സേഫിനകത്തും വെള്ളമൊഴിച്ചിട്ടുണ്ട്. വിരലടയാളം കിട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു കരുതുന്നു.
പളളിയിലെ വലിയ പെരുന്നാൾ ആഘോഷം നടന്നു വരുന്നതിനാൽ ഇന്നലെ രാത്രിയിൽ 12 മണിവരെ ട്രസ്റ്റിയും സെക്രട്ടറിയും അടക്കമുള്ളവർ പളളിയിൽ ഉണ്ടായിരുന്നു. കുർബാന അപ്പം ഉണ്ടാക്കുന്നതിന് പുലർച്ചെ അഞ്ചു മണിയോടെ പള്ളിയിൽ എത്തിയ കപ്യാർ എ.ഇ.അന്ത്രയോസ് ആനിവേലിൽ ആണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. പിന്നീട് ട്രസ്റ്റി ഷൈജു സി ഫിലിപ്പിനെയും സെക്രട്ടറി പ്രദീപ് തോമസിനെയും വിളിച്ചറിയിച്ചു. ഇവർ എത്തിയാണ് പാന്പാടി പോലീസിൽ അറിയിച്ചത്.
വികാരി ഫാ.അജീഷ് ജെ പുന്നനും വിശ്വാസികളം അടക്കം വൻ ജനാവലി സ്ഥലത്ത് എത്തിയിരുന്നു. പാന്പാടി സിഐ യു.ശ്രീജിത് സ്ഥലത്തെത്തി അന്വേഷണം നടത്തി.