ഹരിപ്പാട്: റോഡരികിൽ ഇറച്ചിമാലിന്യം തളളാനെത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ചേപ്പാട് ജങ്ഷന് കിഴക്ക് റെയിൽവേ ക്രോസിന് തെക്ക് ഭാഗത്തായി മാലിന്യം തളളാനെത്തിയ ആളെയാണ് പിടികൂടി പോലീസിന് കൈമാറിയത്. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയാണ് മാലിന്യം ഉപേക്ഷിക്കാനെത്തിയ പളളിപ്പാട്ട് കോഴിക്കട നടത്തുന്നയാളെ നാട്ടുകാർ പിൻതുടർന്ന് പിടിച്ചത്.
വളരെ നാളായി റെയിൽവേയ്ക്ക് സമാന്തരമായുളള റോഡ് മാലിന്യനിക്ഷേപകേന്ദ്രമാണ്. പ്രദേശവാസികൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുവരികയായിരുന്നു. കോഴിക്കടകളിലെ അവശിഷ്ടങ്ങളാണ് രാത്രിയിൽ ചാക്കിലും കിറ്റുകളിലുമാക്കി കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത്. അഴുകിയ മാംസത്തിന്റെ ദുർഗന്ധം കാരണം വഴിനടക്കാൻപോലും കഴിയാത്ത ഗതികേടിലായിരുന്നു നാട്ടുകാർ.
ദുരിതം വർധിച്ചതോടെനാട്ടിലെ ചെറുപ്പക്കാർ സംഘടിച്ച് മാലിന്യം ഉപേക്ഷിക്കുന്നവരെ പിടികൂടാൻ തീരുമാനിച്ചു. ഒരാഴ്ചയായി ഇവർ കാത്തിരിപ്പിലായിരുന്നു. ഇതിനിടെയാണ് സ്കൂട്ടറിൽ മാലിന്യവുമായി ആളെത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മാർത്തോമാ പളളിക്ക് സമീപം വച്ച് പിൻതുടർന്നെത്തിയാണ് പിടികൂടിയത്. കരീലക്കുളങ്ങര പോലീസ് കേസെടുത്തു.