കായംകുളം :സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ യാതൊരു വിഭാഗീയതയും അനുവദിക്കില്ലെന്ന കർശന നിലപാടിലേക്ക് പാർട്ടി നേതൃത്വം ഇടപെടുന്നു.ജനുവരി 13 മുതൽ 15 വരെയാണ് കായംകുളത്ത് ജില്ലാ സമ്മേളനം നടക്കുക.സമ്മേളനം നിരീക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം കായംകുളത്ത് ക്യാന്പ് ചെയ്യുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യന്ത്രി പിണറായി വിജയനാണ്.കൃഷ്ണപുരം ഗവേഷണ കേന്ദ്രത്തിലാണ് മുഖ്യമന്ത്രിയ്ക്ക് തങ്ങാനുള്ള ക്രമീകരണം ഇപ്പോൾ നടത്തുന്നത്.ജില്ലയിലെ ചിലയിടങ്ങളിൽ പാർട്ടി നിർദേശം അവഗണിച്ച് ലോക്കൽ സമ്മേളനങ്ങളിൽ തെരെഞ്ഞെടുപ്പ് നടന്നു.
ചാരുംമൂട് ഉൾപ്പടെ ചില ഏരിയാ കമ്മിറ്റികളിലും വിഭാഗീയത ശക്തമായി.ഇവിടെ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പ്രകടനത്തിൽ നിന്നും മൂന്നു ലോക്കൽ കമ്മിറ്റികളിലെ അംഗങ്ങൾ വിട്ട് നിലക്കുകയുണ്ടായി.ജില്ലയിലെ മറ്റിടങ്ങളിലും ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് .
കഴിഞ്ഞ ജില്ലാ സമ്മേളനം ചാരുംമൂട്ടിൽ ആണ് നടന്നത് .അന്ന് ജില്ലാ സെക്രട്ടറിയുടെ തെരെഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.ഇത് ഒഴിവാക്കി സമവായത്തിലൂടെ സമ്മേളനം വിജയത്തിലെത്തിക്കാനുള്ള അണിയറ നീക്കമാണ് ഇപ്പോൾ പാർട്ടി കേന്ദ്രങ്ങൾ നടത്തുന്നത്.