കൊച്ചി/നെടുന്പാശേരി: വിദേശത്തുനിന്നു കോടികളുടെ മയക്കു മരുന്ന് കേരളത്തിലെ എയർപോർട്ടുകൾ വഴി ഒഴുകിയെത്തുന്നു. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ലഹരി ഒഴുക്കു കേരളത്തിലേക്കു വർധിക്കുന്നതായി അധികൃതർക്കു വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പീൻസ് യുവതി പിടിയിലായിരുന്നു. ഈ മയക്കുമരുന്നിന്റെയും ഉറവിടവും ബ്രസീലാണ്. 4.8 കിലോഗ്രാം കൊക്കൈൻ യുവതിയിൽനിന്നു പിടിച്ചെടുത്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിൽ ഒന്നാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നത്. സാവോ പോളോ വിമാനത്താവളത്തിൽനിന്നു യാത്ര തിരിച്ച യുവതി മസ്കറ്റ് വഴി ഒമാൻ എയർവേസ് വിമാനത്തിൽ ഇന്നലെ വൈകുന്നേരമാണു നെടുന്പാശേരിയിലെത്തിയത്. കൈവശമുണ്ടായിരുന്ന ട്രോളി ബാഗിലാണ് ഇവർ മരുക്കുമരുന്നു സൂക്ഷിച്ചിരുന്നത്.
വിമാനത്താവളത്തിൽ ഇറങ്ങിയശേഷം മയക്കുമരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുന്പോൾ പിടിയിലാകുകയായിരുന്നു. രണ്ടു മാസത്തിനിടെ മൂന്നു മയക്കുമരുന്നു കേസുകളാണു നാർകോട്ടിക് വിഭാഗം നെടുന്പാശേരിയിൽ പിടികൂടിയത്. മൂന്നു കേസിലും വിദേശ പൗരൻമാരാണു പിടിയിലായത്. നവംബറിൽ 3.6 കിലോഗ്രാം കൊക്കൈയ്നുമായി പരാഗ്വേ സ്വദേശിയും ഡിസംബറിൽ ഒരു കിലോഗ്രാം കൊക്കെയ്നുമായി വെനിസ്വേല സ്വദേശിയും പിടിയിലായിരുന്നു.
നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം രാജ്യാന്തര മയക്കു മരുന്ന് കള്ളക്കടത്തുകാരുടെ പ്രധാന സങ്കേതമായി മാറുന്നതായാണ് ഈ സംഭവങ്ങൾ വ്യക്തമാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം ഇവിടെ പത്തു കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. വിപണിയിൽ 56 കോടി രൂപ ഇതിനു വിലയുണ്ട്. വിദേശത്തുനിന്ന് എത്തിക്കുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ ഇവിടെ പ്രാദേശികമായി പ്രവർത്തിക്കുന്ന സംഘങ്ങൾക്കു നൽകും.
ഇവർ ചെറിയ പായ്ക്കറ്റുകളിലും പൊതികളിലുമാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകും. ഇതിനായി ഏജന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണു വിൽപ്പന മുന്നോട്ടു പോകുന്നത്. ചെറുപ്പക്കാരും കൗമാരക്കാരെയും ലക്ഷ്യം വച്ചാണു ലഹരി മാഫിയയുടെ പ്രവർത്തനം.
റോഡു മാർഗവും കടൽ മാർഗവുമൊക്കെ ലഹരി വലിയ രീതിയിൽ എത്തിക്കുന്നുണ്ട്. നെടുന്പാശേരി എയർപോർട്ടിൽ പരിശോധനയ്ക്കിടയിൽ പിടി വീഴുമെന്ന ഭീതി മൂലം കടൽ മാർഗമുള്ള കടത്തും വർധിക്കുന്നുണ്ട്. കടൽ മാർഗം ശ്രീലങ്കയിൽ എത്തിക്കുന്ന ലഹരി മരുന്നുകൾ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും അവിടെനിന്നു കൊണ്ടുവരും.
പിടിയിലായ വിദേശികളായ മൂവരും അന്താരാഷ്ട്ര മയക്കു മരുന്നു കള്ളകടത്തു സംഘത്തിന്റെ കാരിയർമാർ മാത്രമാണ്. നെടുന്പാശേരിയിൽ എത്തിച്ചു കൊടുക്കൽ മാത്രമാണു ഇവരുടെ ചുമതലയെന്നു നാർക്കോട്ടിക്സ് ബ്യൂറോ ഉദ്യാഗസ്ഥന്മാർ പറഞ്ഞു. നെടുന്പാശേരിയിൽനിന്നു ഏറ്റുവാങ്ങുന്ന മയക്കുമരുന്ന് ഗോവ, ഡൽഹി തുടങ്ങിയിടങ്ങളിലേക്കാണു കൊണ്ടു പോകുന്നതെന്നും വ്യക്തമായിട്ടുണ്ട്.
കൊച്ചിയിൽ മയക്കുമരുന്നിന്റെ വിതരണത്തിനു വേണ്ടി മാത്രം വൻ ശൃംഖലയാണു പ്രവർത്തിക്കുന്നത്. ഇവരിൽ ചിലരെ പിടികൂടാൻ സാധിക്കുന്നുണ്ടെങ്കിലും മയക്കു മരുന്നിന്റെ ഉറവിടത്തിലേക്ക് എത്താൻ ഇതുവരെ പോലീസിനു സാധിച്ചിട്ടില്ല.