തൃശൂർ: കടലാസു പേനകൾ മാത്രമല്ല കലോത്സവ വേദിയിൽ ഉൗഴം നറുക്കെടുപ്പിന് ഉപയോഗിക്കുന്ന പാത്രവും ഇത്തവണ സ്പെഷലാണ്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി മുളനാഴികൾ ഉപയോഗിച്ചായിരിക്കും ഉൗഴം നറുക്കിടുക.
സാധാരണ പ്ലാസ്റ്റിക് ചെപ്പുകളോ പാത്രങ്ങളോ ആണ് നറുക്കെടുപ്പിന് ഉപയോഗിക്കാറുള്ളത്. മുളനാഴിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനു നാഴിക്കു മുകളിൽ സാന്താക്ലോസിന്റെ തൊപ്പി അണിയിക്കും. വൻപയർ വിത്തിലാണ് നറുക്ക് നന്പർ രേഖപ്പെടുത്തുക എന്ന പ്രത്യേകത കൂടിയുണ്ട്. ഈ വിത്തുകളാണ് മത്സരാർഥികൾ തെരഞ്ഞെടുക്കുക.
മത്സരത്തിനു മാർക്കിടാൻ”കടലാസുപേനകൾ
തൃശൂർ: ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാർക്കിടാനും മറ്റുകാര്യങ്ങൾക്കും ഉപയോഗിക്കുന്നതു കടലാസുപേനകൾ. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായാണ് കടലാസുപേനകൾ തെരഞ്ഞെടുത്തത്. തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കുട്ടികളും അധ്യാപകരും ചേർന്നാണ് കലോത്സവത്തിനായി കടലാസു പേനകൾ നിർമിക്കുക. വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത 50 വിദ്യാർഥികളും 35 ക്രാഫ്റ്റ് അധ്യാപകരും പേനനിർമാണത്തിൽ പങ്കെടുക്കും. ഇന്നു രാവിലെ മുതൽ മോഡൽ ഗേൾസ് സ്കൂളിൽ ആരംഭിച്ച പേനനിർമാണം തുടങ്ങി.
ഉച്ചയോടെ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എത്തി പേനകൾ ഏറ്റുവാങ്ങി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി.ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായാണ് കലോത്സവത്തിൽ കടലാസുപേനയെന്ന ആശയം പ്രോഗ്രാം കമ്മിറ്റി കൊണ്ടുവന്നത്. ’