മുംബൈ: മഹാരാഷ്ട്രയിൽ ദളിത്-മാറാത്ത വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇരു വിഭാഗവും ഏറ്റുമുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഔറംഗബാദില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമികൾ നൂറിലധികം വാഹനങ്ങൾ തകർത്തു. സംസ്ഥാനത്ത് നാളെ ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകൾ അറിയിച്ചു.
കോരെഗാവ് യുദ്ധവാർഷികാചരണവുമായി ബന്ധപ്പെട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേത്തുടർന്നു സംസ്ഥാനത്ത് റോഡ്, റെയിൽവേ ഗതാഗതം താറുമാറായി. മുംബൈയിലെ സ്കൂളുകളും കോളജുകളും താല്‍ക്കാലികമായി അടച്ചു. നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സംഘർഷം വ്യാപിക്കാതിരിക്കാൻ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.