കേപ്ടൗൺ: ക്രിക്കറ്റിലെ ക്ലാസിക് വേർഷനാണ് ആഷസെങ്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടങ്ങൾ ആവേശത്തിന്റെ പൂരപ്പറന്പാണ്. ആഫ്രിക്കൻ മണ്ണിൽ പൊന്നുവിളയിക്കാൻ വിരാട് കോഹ്ലിയും സംഘവും ലാൻഡ് ചെയ്തതോടെ ചൂടുപിടിക്കുന്ന ആക്ഷൻ രംഗങ്ങൾക്കായി ക്രിക്കറ്റ് ലോകം ഒരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ചയാണ് ആദ്യടെസ്റ്റിനു തിരിതെളിയുന്നത്. കേപ്ടൗണിലാണ് ആദ്യടെസ്റ്റ്.
ചരിത്രത്തിലെ ആദ്യ നാലുദിന ഡേനൈറ്റ് ടെസ്റ്റ് വെറും രണ്ടു ദിവസംകൊണ്ട് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക മാരകഫോമിലാണ്. ഇന്ത്യയുടെ വരവു മുന്നിൽക്കണ്ട് പിച്ചിലെ പച്ചപ്പ് ഒന്നുകൂടി വർധിപ്പിച്ചിട്ടുണ്ട് ആഫ്രിക്കക്കാർ. പേസിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പ്രാഗത്ഭ്യം ശരിക്കും അറിയാവുന്നവരാണ്. അതുകൊണ്ടുതന്നെ മൂളിപ്പറക്കുന്ന പന്തുകൾ കോഹ്ലിയും കൂട്ടരും പ്രതീക്ഷിച്ചാൽ മതി. മോർണി മോർക്കൽ, കഗിസോ റബാഡ ഒപ്പം സ്വിംഗിൽ വിസ്മയം തീർക്കുന്ന വെറോണ് ഫിലാൻഡർ. പേടിക്കേണം, ആഫ്രിക്കൻ അതിവേഗക്കാരെ.
ഒരൊറ്റ പരിശീലന മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങൾ പരിചിതമാകാൻ അവിടത്തെ ഒരു സ്റ്റേഡിയംതന്നെ ബിസിസിഐ വാടകയ്ക്കെടുത്തു നല്കിയിട്ടുണ്ട്. ഇത് എത്രമാത്രം പ്രയോജനപ്പെടുമെന്നു കണ്ടറിയണം. കാരണം, മഴമൂലം ആദ്യ രണ്ടു ദിനവും പരിശീലനം ഇൻഡോർ നെറ്റ്സിലേക്കു മാറ്റേണ്ടിവന്നു.
കാത്തിരിക്കുന്നത് സുഖമുള്ള ദിനങ്ങളാകില്ലെന്ന് കോഹ്ലിക്കു വ്യക്തമായറിയാം. എന്നാൽ, പ്രതികൂല സാഹചര്യങ്ങളെ ചാന്പ്യന്റെ മനസോടെ സമീപിക്കാനാണ് തനിക്കിഷ്ടമെന്ന് ക്യാപ്റ്റൻ പറയുന്നു. എന്തു ചെയ്യണമെന്നു ഞങ്ങൾക്കറിയാം. 100 ശതമാനവും പുറത്തെടുക്കാൻ ടീം തയാറെടുത്തു കഴിഞ്ഞു- കോച്ച് രവിശാസ്ത്രിയും പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ഒരുങ്ങാൻ കാര്യമായ സമയം കിട്ടിയില്ലെങ്കിലും ശ്രീലങ്കയ്ക്കെതിരായ പരന്പരയെ പരിശീലനമത്സരമായിട്ടാണ് ടീം ഇന്ത്യ കണക്കാക്കിയത്. സ്പിന്നർമാരുടെ പറുദീസയായ കോൽക്കത്തയിൽ പോലും പേസർമാർക്കായി പിച്ച് പരുവപ്പെടുത്തി. സ്പിന്നർമാരെ ആശ്രയിക്കുന്ന പതിവുരീതിക്ക് താത്കാലിക വിരാമമിട്ട് ഭുവനേശ്വർ കുമാറും ഉമേഷ് യാദവും മുഹമ്മദ് ഷമിയുമൊക്കെ നിരവധി ഓവറുകൾ എറിഞ്ഞു. എല്ലാം ദക്ഷിണാഫ്രിക്കൻ യാത്ര മുന്നിൽ കണ്ടായിരുന്നു.
സ്റ്റെയ്ൻ പുറത്ത്
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുംമുന്പേ ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടി. സ്റ്റാർ ബൗളർ ഡെയ്ൽ സ്റ്റെയ്ൻ പരിക്കിനെത്തുടർന്ന് ആദ്യടെസ്റ്റിൽനിന്നു പുറത്തായി. 2016 നവംബറിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്താമെന്ന എക്സ്പ്രസ് ബൗളറുടെ പ്രതീക്ഷയാണ് ഇതോടെ തകർന്നത്. സിംബാബ്വേയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ സ്റ്റെയ്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വൈറൽ പനി ബാധിച്ചതോടെ തിരിച്ചുവരവ് മുടങ്ങി. സ്റ്റെയ്നിന്റെ അഭാവത്തിലും ആതിഥേയരുടെ പേസ് നിര ശക്തമാണ്.