കൊച്ചി: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയവിവേചനം കാട്ടരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ച അഭിഭാഷകനെത്തന്നെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു.
സിപിഎം പ്രവർത്തകർ മകനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ സർക്കാർ നിരസിച്ചതിനെതിരേ പിതാവ് കണ്ണൂർ കുപ്പം സ്വദേശി പി.പി. പ്രഭാകരൻ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.പ്രതികൾ 2014 മേയ് 15നു ഹർജിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ക്രൂരമായി മർദിച്ചു. മർദനമേറ്റ മകൻ പ്രജുൽ മരിച്ചു.
രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നാണു മകനെ കൊലപ്പെടുത്തിയതെന്നും വിചാരണക്കോടതിയിൽ കേസ് നടത്താൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു പ്രഭാകരൻ സർക്കാരിന് അപേക്ഷ നൽകി. കാസർഗോഡ് ഹോസ്ദുർഗിലെ ഒരഭിഭാഷകനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ അന്നത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ശിപാർശയും ചെയ്തു. തുടർന്ന് കരട് വിജ്ഞാപനവും തയാറാക്കി.
ഇതിനിടെ സർക്കാർ മാറി. ഈ അവസരത്തിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന പുതിയ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ശിപാർശയെത്തുടർന്നു സർക്കാർ തുടർനടപടി സ്വീകരിച്ചില്ല. ഇതിനെയാണു ഹർജിക്കാരൻ ചോദ്യം ചെയ്തത്. 2017 സെപ്റ്റംബർ 18 ലെ സർക്കുലർ പ്രകാരമുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണു സ്പെഷൽ പ്രോസിക്യൂട്ടറെ വയ്ക്കേണ്ടെന്നു ശിപാർശ നൽകിയതെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.
എന്നാൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ച ശേഷം മാറിവന്ന സർക്കാർ പിന്നോട്ടു പോകുന്നത് കള്ളക്കളി നടന്നുവെന്ന സംശയത്തിനിടയാക്കുമെന്നു സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇരയുടെ സങ്കടം മറന്നുപോകരുത്. നേരത്തെ നിശ്ചയിച്ച അഭിഭാഷകനെ തന്നെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു.