ഈരാറ്റുപേട്ട: സ്വകാര്യ ബസുകളുടെ അശ്രദ്ധയ്ക്ക് വില നല്കേണ്ടി വന്നത് മറ്റൊരു ജീവൻ കൂടി. തീക്കോയി അറു കൊലപാലത്തിന് സമീപം ബസിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷീദ (34) ആണ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തീക്കോയി അക്ഷയ കേന്ദ്രത്തിൽ പോയി ബസിൽ മടങ്ങിയ നാഷിദ, വാഹനം വളവ് തിരിയുന്നതിനിടെ തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.
എട്ട് മാസം ഗർഭിണിയായിരുന്ന നാഷിദയുടെ തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതോടെ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ അന്നു തന്നെ പുറത്തെടുത്തു.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇത്രയും ദിവസം ജീവൻ നിലനിർത്തിയത്. ബസിന്റെ ഹൈഡ്രോളിക് ഡോറുകൾ അടയാതിരുന്നതാണ് അപകടമുണ്ടാക്കിയത്. കബറടക്കം ഇന്ന് 3.30ന് പുത്തൻപള്ളിയിൽ. മക്കൾ: ഹന ഫാത്തിമ, ഹയ മറിയം.