നവാസ് മേത്തര്‍
തലശേരി: പത്തുവര്‍ഷം മുമ്പ് തലശേരി നഗരം കേന്ദ്രീകരിച്ച് നടന്ന മര്‍ജാന്‍ ഗോള്‍ഡ് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ഭീഷണി. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരോട് കിട്ടുന്ന തുക വാങ്ങി ഒത്തുതീര്‍പ്പിന് തയാറാകണമെന്നും അല്ലെങ്കിൽ ഭവിഷത്ത് നേരിടേയണ്ടി വരുമെന്നാണ് ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 20 കോടി രൂപയുടെ തട്ടിപ്പാണ് തലശേരി കേന്ദ്രീകരിച്ച് നടന്നത്.
ഇതേ തുടര്‍ന്ന് അടച്ചുപൂട്ടിയ ജ്വല്ലറിക്കുള്ളിലുണ്ടായിരുന്ന പതിനെട്ടര കിലോ സ്വര്‍ണം എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മകളുടെ വിവാഹത്തിന് സ്വരൂപിച്ചിരുന്ന തുക നഷ്ടപ്പെട്ട മദ്രസ അധ്യാപകൻ ഉള്‍പ്പെടെ നിരവധി പേരാണ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നത്.
പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചപ്പോള്‍ നല്കിയ രസീതുമായി നിരവധി പേരാണ് ഇപ്പോഴും പ്രശ്നത്തിന് പരിഹാരം തേടി അലയുന്നത്.കോടതിയെ സമീപിച്ച പലര്‍ക്കും ജപ്തി ഉത്തരവ് ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെങ്കിലും അതും നടപ്പിലായിട്ടില്ല.
കേസിന്റെ അന്വേഷണവഴിയില്‍ പല ഉദ്യാഗസ്ഥരും ലക്ഷങ്ങല്‍ വാരിക്കൂട്ടുകയും ചെയ്തിരുന്നു. പ്രതീക്ഷയോടെ പണം നിക്ഷേപിച്ചവര്‍ ഇന്നും നിക്ഷേപതുക തിരിച്ചുകിട്ടാനുള്ള പരക്കംപാച്ചില്‍ തുടരുകയാണ്.
ഇതിനിടയില്‍ നിക്ഷേപകരിലൊരാള്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് ടൗണ്‍ പോലീസ് 20 കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി. തലശേരി സ്റ്റേഷനില്‍ മാത്രം 23 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളത്. മലബാറിലെ മറ്റ് ജില്ലകളിലും കേസുകള്‍ നിരവധിയുണ്ട്.
തലശേരിയിലെ നഗരഹൃദയമായ എവികെ നായര്‍ റോഡിലെ ഷറാറ കോംപ്ലക്സില്‍ മുറികളെടുത്ത് വലിയ ജ്വല്ലറി വരുന്നുവെന്ന പ്രചാരണം നടത്തിയാണ് മര്‍ജാന്‍ ഗോള്‍ഡ് എംഡി രംഗത്തു വരുന്നത്.തലശേരി പ്രമുഖ തറവാട്ടിലെ യുവാവിനെ ജനറല്‍ മാനേജരായും നിയമിച്ചു.കോഴിക്കോട്ടെ പുരാതനവും പേരുകേട്ടതുമായ വ്യവസായ ഗ്രൂപ്പിന്റെ തലവന്‍ ആദ്യ ഷെയറും നൽകി.
അതിന്റെ ചിത്രമടങ്ങിയ ബ്രോഷറും പുറത്തിറക്കി. വടക്കേ മലബാറിലെ പ്രമുഖർ ഉള്‍പ്പെടെ ഡയറക്ടര്‍മാരാണെന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്ന എംഡി ഷെയര്‍ പിരിക്കാനിറങ്ങിയത്.ഒമ്പതു പേരുടെ ചിത്രങ്ങളടങ്ങിയ ബ്രോഷറും ഇതിനായി ഉപയോഗിച്ചു.അഭിഭാഷകനും വ്യവസായ പ്രമുഖരുമെല്ലാം ഡയറക്ടര്‍മാരായി രംഗത്തെത്തിയിരുന്നു. ഷെയര്‍ പിരിക്കുമ്പോള്‍ എല്ലാവര്ക്കും ഷെയര്‍ സര്‍ട്ടിഫിക്കറ്റെന്ന പേരില്‍ രസീതും നല്കി.
2006 ഒക്ടോബറില്‍ പ്രമുഖ സിനിമാ താരം ദിലീപ് ജ്വല്ലറിയുടെ ഉദ്ഘാടനവും നടത്തി. ഉദ്ഘാടന ദിനത്തില്‍ ദീലീപിന് തന്റെ മൊബൈല്‍ ഫോണ്‍ ഉദ്ഘാടന വേദിയില്‍ വച്ച് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജനപ്രതിനിധികളും വ്യവസായ പ്രമുഖരുമുള്പ്പെടെയുള്ളവര് ഉദ്ഘാടന ചടങ്ങിനെത്തി.
ഉദ്ഘാടന ചടങ്ങ് ഗംഭീരമായതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യതയും വര്‍ധിച്ചു. ജ്വല്ലറിയിലെ നിക്ഷേപകര്‍ നാട്ടുകാരെയും ബന്ധുക്കളേയും മര്‍ജാന്‍ ഗോള്‍ഡില്‍ നിന്നു തന്നെ സ്വര്‍ണം വാങ്ങാന്‍ നിര്‍ബന്ധിച്ചു.
പരസ്യങ്ങളുടെ പ്രളയത്തില്‍ കച്ചവടവും തകൃതിയായി. ഉദ്ഘാടനത്തിനു ശേഷവും ഷെയര്‍ പിരിവ് തുടര്‍ന്നു.പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതിന്റെ പ്രഖ്യാപനവും വന്നു. പൊടിപൊടിക്കുന്നതിനിടയില്‍ 2007 ഒക്ടോബര്‍ 26ന് മര്‍ജാന്‍ ഗോള്‍ഡ് അടച്ചു പൂട്ടി.
ജ്വല്ലറി തുടങ്ങി മാസങ്ങള്‍ പിന്നിട്ടതോടെ തന്നെ ഡയറക്ടര്‍മാര്‍ തമ്മില്‍ ചേരിതിരിവ് തുടങ്ങിയിരുന്നു. അഭിഭാഷകനായ ഡയറക്ടറും എംഡിയും പല തവണ ജ്വല്ലറിയ്ക്കുളളില് ഏറ്റുമുട്ടി. വയനാടുകാരനായ മറ്റൊരു ഡയറക്ടര്‍ ബിനാമികളെ കൊണ്ട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കടമെടുപ്പിച്ചു തന്റെ നില സുരക്ഷിതമാക്കി.മ റ്റൊരാള്‍ ഗുണ്ടകളുമായി എത്തി താന്‍ പിരിച്ചെടുത്ത ഷെയറിന് കണക്കായുള്ള സ്വര്‍ണ്ണവുമെടുത്ത് സ്ഥലം വിട്ടു. ഇതോടെയാണ് ജ്വല്ലറിക്ക് ഷട്ടര്‍ വീണത്.
തലശേരി സ്റ്റേഷനില്‍ ലഭിച്ച പരാതി പ്രകാരം 20 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ മര്‍ജാന്‍ ഗോള്‍ഡ് സൂക്കിന് നിയമപരമായി മൂന്ന് ഡയറക്ടര്‍മാര്‍ മാത്രമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, ബ്രോഷറില്‍ കൊടുത്തിരുന്നത് ഒൻപത് ഡയറക്ടർമാരുടെ പേരുകളാണ്. അന്നത്തെ ടൗണ്‍ സിഐ എം.വി അനില്‍കുമാറിന്റെ നേതൃത്വിത്തിലുള്ള പോലീസ് സംഘം എറണാകുളത്ത് നടത്തിയ അന്വേഷണത്തിലാണ് മര്‍ജാന്‍ ഗോള്‍ഡ് എംഡിയും ഭാര്യയുമുള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരെന്ന് കണ്ടെത്തിത്.
എറണാകുളം കാക്കനാട്ടെ കേരള ആൻഡ് ലക്ഷദീപ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഉദ്യാഗസ്ഥരില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്ഥാപനം തുടങ്ങിയതിനു ശേഷം ഒരിക്കലും യാതൊരു വിധ റിട്ടേണ്‍സും ഫയല്‍ ചെയ്തിട്ടില്ലെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
അടച്ചിട്ട മര്‍ജാന്‍ ഗോള്‍ഡ് സൂക്കിന്റെ ഷട്ടറിനു മുകളില്‍ നിരവധി ജപ്തി നോട്ടീസുകള്‍ പതിഞ്ഞിട്ടുമുണ്ട്.ജ്വല്ലറിയുടെ ഡയറക്ടറായ ഖാലിദ് ഹാജി ജ്വല്ലറിയില്‍ നിന്നും പതിനാറര കിലോ സ്വര്‍ണം കടത്തിയതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മര്‍ജാന്‍ ഗോള്‍ഡ് എംഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ കേസില്‍ അന്നത്തെ തലശേരി പ്രിന്‍സിപ്പല്‍ എസ്ഐ യായിരുന്ന കെ.കുട്ടികൃഷ്ണന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ നിര്‍ദേപ്രകാരം ഈ കേസില്‍ ഇപ്പോള്‍ പുനരന്വേഷണവും നടന്നിരുന്നു.
2007 ഒക്ടോബര്‍ 26 നാണ് ജ്വല്ലറി അടച്ചുപൂട്ടുന്നത്. ജ്വല്ലറിയിലുണ്ടായിരുന്ന 35 കിലോ സ്വര്‍ണത്തില്‍ പതിനാറര കിലോഗ്രം ഡയറക്ടര്‍ എടുത്തുകൊണ്ടു പോയ ശേഷം ബാക്കിയുള്ള പതിനെട്ടര കിലോഗ്രാം സ്വര്‍ണം ജ്വല്ലറിക്കുള്ളില്‍ തന്നെയുണ്ടായിരുന്നുവെന്നാണ് ആ ദിവസങ്ങളില്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ സ്വര്‍ണം ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.