പുതുക്കാട് : നെൽവയൽ തണ്ണീർത്തട നിയമം അട്ടിമറിച്ച് കുറുമാലിയിൽ തേക്ക് കൃഷി. ഒരു വർഷം മുൻപ് പൈനാപ്പിൾ കൃഷി ചെയ്ത് പരിവർത്തനം ചെയ്തെടുത്ത സ്ഥലത്താണ് ഇപ്പോൾ തേക്ക് തൈകൾ വെച്ചിരിക്കുന്നത്.ദേശീയപാതയ്ക്ക് സമീപം കുറുമാലിക്കാവ് ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണിട്ട് നികത്തലും തേക്ക് കൃഷിയും നടക്കുന്നത്.
2008ന് മുൻപ് നികത്തിയ ഭൂമിയാണെന്ന രേഖയുണ്ടാക്കിയാണ് ഇവിടെ നീർത്തടം നികത്തിയിരിക്കുന്നതെന്ന ആരോപണമുണ്ട്. 2013 -ലാണ് തണീർതടം മണ്ണിട്ട് നികത്തൽ ആരംഭിച്ചത്. അന്ന് അധികാരികൾക്ക് പരാതി നൽകിയും നെൽകൃഷിചെയ്യാൻ തയ്യാറാണെന്നറിയിച്ചും ശാത്രസാഹിത്യപരിഷത്ത് രംഗത്ത് വന്നിരുന്നു.
രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ആദ്യം ശക്തമായിരുന്നെങ്കിലും പിന്നീട് ഇല്ലാതാവുകയായിരുന്നു. സിപിഎം, ബിജെപി നേതാക്കൾ സ്ഥലത്തേക്ക് ജാഥ നയിക്കുകയും.സിപിഎം പ്രവർത്തകർ എംഎൽഎയുടെ നേതൃത്വത്തിൽ കൊടികുത്തി മണ്ണിട്ടു നികത്തുന്നത് തടയുകയും ചെയ്തിരുന്നു. തുടർന്നാണ് സ്ഥലമുടമ ഇവിടെ പൈനാപ്പിൾ കൃഷി ആരംഭിച്ചത്.ഏക്കർ കണക്കിന് വരുന്ന തണ്ണീർതടത്തിൽ ചാല് കീറി മണ്ണിട്ട് ഉയർത്തിയാണ് പൈനാപ്പിൾ കൃഷി നടത്തുന്നത്.
ഒരു മാസം മുൻപ് പൈനാപ്പിൾ വിളവെടുപ്പ് നടത്തിയിരുന്നു. വ്യാപിച്ചുകിടക്കുന്ന പൈനാപ്പിൾ കൃഷിയുടെ ഇടയിലാണ് തേക്ക് തോട്ടം വച്ചുപിടിപ്പിക്കുന്നത്.അധികൃതരുടെ കണ്മുന്നിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതോടൊപ്പം ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും ആക്ഷേപമുണ്ട്.ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ കൃഷി വകുപ്പിനും റെവന്യു അധികാരികൾക്കും പരാതി നൽകി.