കൊടകര: എണ്പത്തിയേഴാം വയസിലും കൃഷിയെ നെഞ്ചോടുചേർത്തുപിടിക്കുകയാണ് കൊടകര ആനത്തടത്തുള്ള ഞാറേക്കാട്ടിൽ മണി. ചിട്ടയായ ജീവിത ചര്യയിലൂടെയും കൃഷിപ്പണികളിലൂടേയും വാർധക്യത്തിന്റെ അവശതകളെ പടിപുറത്ത് നിർത്തി പൊതുപ്രവർത്തനത്തിലും കൃഷിയിലും ഒരു പോലെ സജീവമാണ് എൻ.എസ്.മണി എന്ന നാട്ടുകാരുടെ മാണി പാപ്പൻ.
നാലുപതിറ്റാണ്ടോളം മുംബൈയിലെ സ്വകാര്യ കന്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു എൻ.എസ്.മണി. 1992ൽ ജോലിയിൽ നിന്നും പിരിഞ്ഞ എൻ.എസ്.മണി 97ലാണ് കൊടകരയിൽ തിരിച്ചെത്തി താമസമാക്കിയത്. മൂന്നരവർഷത്തോളം കൊടകരയിലെ സിപിഎം ലോക്കൽ സെക്രട്ടറിയായും അഞ്ചുവർഷം പഞ്ചായത്തംഗമായും പ്രവർത്തിച്ചു.
തിരക്കേറിയ പൊതു പ്രവർത്തനത്തിനിടയിലും കൃഷിയെ നെഞ്ചോടുചേർത്തുപിടിക്കാൻ ഇദ്ദേഹം മറന്നില്ല. എൺപത്തിയേഴാം വയസിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ മുഴുവനും മാണിപാപ്പാൻ സ്വന്തമായി കൃഷിചെയ്തുണ്ടാക്കുകയാണ്. ചിട്ടയായ ജീവിതചര്യയിലൂടെയാണ് ഈ പ്രായത്തിലും താൻ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതെന്ന് മാണിപാപ്പൻ പറയുന്നു.
നാലുമക്കളിൽ രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചു. ആണ്മക്കൾ രണ്ടുപേരും കുടുംബസമേതം വിദേശത്താണ്. മാണിപാപ്പനും ഭാര്യ ദ്രൗപദിയും മാത്രമാണ് ആനത്തടത്തുള്ള വീട്ടിൽ താമസം. രാവിലെ അഞ്ചരക്ക് ഉണരുന്ന ശീലമുള്ള മാണിപാപ്പൻ രാവിലെ പ്രഭാതകർമ്മങ്ങളും പത്രം വായനയും കഴിഞ്ഞാൽ നേരെ തൂന്പയുമെടുത്ത് പറന്പിലേക്കിറങ്ങും.
പാവൽ, പടവലം, മത്തൻ, കുന്പളം, പച്ചമുളക്, വെണ്ട, വഴുതന, ഇഞ്ചി, മരച്ചീനി, വാഴ, ചേന, ചേന്പ് തുടങ്ങി ഒട്ടുമിക്ക പച്ചക്കറിയിനങ്ങളും ഇദ്ദേഹം പറന്പിൽ സ്വന്തം അധ്വാനത്തിലൂടെ വിളയിച്ചെടുക്കുന്നു. മാങ്കോസ്റ്റിൻ, റന്പുട്ടാൻ, മുള്ളാത്ത, ലക്ഷ്മിതരു, ഗ്രാന്പൂ, സർവ്വസുഗന്ധി, വിവിധയിനം മാവുകൾ, പ്ലാവ് എന്നിവയും മാണിപാപ്പന്റെ അധ്വാനത്തിന്റെ സാക്ഷ്യപത്രങ്ങളായി വീട്ടുപറന്പിൽ വളർന്നുനിൽക്കുന്നു. തെങ്ങ്, ജാതി എന്നിവയുടെ പരിചരണവും മാണിപാപ്പൻ തന്നെ.